തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ധിരാ ഗ്യാരണ്ടി നടപ്പാക്കാന്‍ പൂര്‍ണ്ണ സജ്ജരെന്ന് യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച മുതല്‍ നിരത്തിലെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭ്യമാവും. യാത്രാ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 15ന് രാവിലെ 8.30ന് തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമാവുന്ന ആദ്യ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും സ്ത്രീയാകുമെന്നും ഗതാഗത വകുപ്പ് മന്ത്രി സിപി ജോണ്‍ വ്യക്തമാക്കി.
കേരളത്തില്‍ 14 ജില്ലകളിലായി 3125 ബസ്സുകളിലാണ് ഈ സൗജന്യ യാത്ര ലഭ്യമാവുന്നത്. കോടികളുടെ വരുമാനക്കുറവ് സര്‍ക്കാരിനുണ്ടാവുമെങ്കിലും വാഗ്ദാനം പൂര്‍ത്തീകരിക്കുമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാട്. ബസ്സുകള്‍ തിരിച്ചറിയാന്‍ പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിക്കുമെന്നും സ്ത്രീകള്‍ക്ക് അവരുടെ ജീവിത വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവുന്ന പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ടൗണ്‍ ടു ടൗണ്‍ ഉള്‍പ്പടെയുള്ള ഓര്‍ഡിനറി ബസ്സുകളിലായിരിക്കും ആനുകൂല്യം ലഭ്യമാവുന്നത്. സിറ്റി ഫാസ്റ്റില്‍ ഈ സൗജന്യം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യ യാത്രയില്‍ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ബസ്സില്‍ യാത്ര ചെയ്യും. ഈ ആവശ്യത്തിന് വേണ്ടി പ്രത്യേക രജിസ്‌ട്രേഷനൊന്നും ആവശ്യമില്ല. പദ്ധതി നിലവില്‍ തുടരാന്‍ പ്രതിദിനം സര്‍ക്കാരിന് ചെലവാകുന്നത് 2 കോടി രൂപയാണ്. ഇത് കെഎസ്ആര്‍ടിസിയുടെ തലയിലേല്‍പ്പിക്കില്ലെന്നും ഈ പണം സര്‍ക്കാര്‍ ഗ്രാന്‍റായി ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. ചെലവുകളുടെ കണക്കുകള്‍ മനസ്സിലാക്കാന്‍ സ്ത്രീകള്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്യും.
നഷ്ടം പരിഹരിക്കാനുള്ള ബദല്‍ സംവിധാനം സര്‍ക്കാര്‍ ആലോചിക്കും. പരസ്യങ്ങള്‍ നല്‍കാനും ബസുകള്‍ സ്‌പോണ്‍ഷര്‍ഷിപ്പ് സ്വകരിക്കുകയും ചെയ്യും. നിലവില്‍ 3125 ബസ്സുകളാണെങ്കിലും കൂടുതല്‍ ബസ്സുകളായി ഉയര്‍ത്തും. 30000 സ്വകാര്യ ബസ്സുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ 10000 ബസ്സുകള്‍ മാത്രമാണുള്ളത്. അവരുമായി ചര്‍ച്ച ചെയ്ത് അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.