കൊച്ചി: ഫോർട്ട് കൊച്ചിയുടെ മതസൗഹാർദ പാരമ്പര്യത്തെയും സമാധാനാന്തരീക്ഷത്തെയും തകർക്കുന്ന തരത്തിൽ വർഗീയ പരാമർശങ്ങൾ അടങ്ങിയ വിഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ച യൂട്യൂബർ അമൃത് സിങ് ഡാരനെതിരെ ഫോർട്ട് കൊച്ചി പോലീസ് കേസെടുത്തു. അമരാവതി സ്വദേശി ജൂഡ് വിപിൻ നൽകിയ പരാതിയിലാണ് പോലീസിന്റെ നിർണായക നടപടി. സംഭവത്തിൽ യൂത്ത് ലീഗും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
പരാതിക്ക് ആധാരമായ ഉള്ളടക്കം
ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ ‘കാശി’ ആർട്ട് കഫേയെ മുൻനിർത്തിയായിരുന്നു അമൃത് സിങ്ങിന്റെ വിവാദ ഇൻസ്റ്റാഗ്രാം വിഡിയോ. പ്രദേശത്ത് ഒരു പ്രത്യേക മതവിഭാഗത്തിന്റെ ജനസംഖ്യ കൂടുതലായതുകൊണ്ടാണ് കഫേയിൽ ബീഫ് വിളമ്പുന്നതെന്നും, ഗാന്ധിജിയുടെ പ്രതിമയ്ക്കൊപ്പം മുഹമ്മദലി ജിന്നയുടെ വെള്ളി പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും തുടങ്ങിയ വസ്തുതാവിരുദ്ധവും പ്രകോപനപരവുമായ കാര്യങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചത്.
സമൂഹത്തിൽ മതപരമായ സ്പർധ വളർത്താനും ക്രമസമാധാനം തകർക്കാനും ലഹള ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പ്രചാരണം എന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ (BNS) 353(2), 192 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
വിവാദത്തിൽ പ്രതികരണങ്ങളും രാഷ്ട്രീയ ചർച്ചകളും
വിവാദ വിഡിയോയ്ക്ക് കീഴിൽ “സാഡ് റിയാലിറ്റി” (Sad Reality) എന്ന് കമന്റ് ചെയ്തതിനെത്തുടർന്ന് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയ്ക്കെതിരെയും സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമുയർന്നു. എന്നാൽ വിഡിയോ പൂർണ്ണമായി കാണാതെ പ്രതികരിച്ചതിൽ തെറ്റുപറ്റിയെന്നും ഒരു മതത്തെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി ദിയ പിന്നീട് വിശദീകരണ വിഡിയോ നൽകിയിരുന്നു.
കേരളത്തിന്റെ മതസൗഹാർദത്തിൽ വിള്ളലുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയടക്കം പല രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ദിയ കൃഷ്ണയ്ക്കെതിരെ കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ സെല്‍ കോഡിനേറ്റർ താരാ ഡോജോ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്. കേരളത്തിന്റെ മതസൌഹാർദ്ദമാണ് കമന്റിലൂടെ നശിപ്പിച്ചതെന്നും അവർ ആരോപിച്ചു.