കൊല്‍ക്കൊത്ത: എക്‌സിറ്റ് പോളുകള്‍ വന്നതിന് പിന്നാലെ പുതിയ നാടകീയ രംഗങ്ങള്‍ക്ക് ബംഗാള്‍ സാക്ഷിയായി. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമും യന്ത്രങ്ങളും തുറന്നുവെന്ന് തൃണമൂല്‍ വാദിക്കുന്നു. സിസിടിവി ദൃശ്യങ്ങളും പുറത്ത് വിട്ടതായി തൃണമൂല്‍ നേതാക്കള്‍ അറിയിച്ചു. എക്‌സിറ്റ് പോളുകളുകളുടെ ഫലങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നുവെന്നും അവര്‍ അറിയിച്ചു.
ബെലേഘട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥി കുനാല്‍ ഘോഷും പാര്‍ട്ടി നേതാവ് ശശി പഞ്ജയും കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ ധര്‍ണ്ണ ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായാണ് 4 മണിക്ക് സ്‌ട്രോങ് റൂം തുറക്കുമെന്ന് മെയില്‍ വന്നത്. 3.30 വരെ ഞങ്ങളൊക്കെ അവിടെയുണ്ടായിരുന്നു. ഈമെയില്‍ വന്നതിന് ശേഷം അവിടെ പോയപ്പോള്‍ അകത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചു. പക്ഷേ അതേ സമയം ബിജെപി പ്രവര്‍ത്തകര്‍ അകത്തുണ്ടായിരുന്നുവെന്നാണ് കുനാല്‍ ഘോഷ് പറയുന്നത്.
സംഭവ സ്ഥലത്തേക്ക് മമത നേരിട്ട് എത്തുമെന്ന് തൃണമൂല്‍ പാര്‍ട്ടി അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റാന്‍ ബിജെപി പദ്ധതിയിട്ടിരുന്നുവെന്ന് മമത നേരത്തെ തന്നെ ആരോപിച്ചിരുന്നു. അവസാന ഫലം പുറത്ത് വരുന്നത് വരെ അവിടെ കാവലുണ്ടാവണമെന്നും 226 സീറ്റിലധികം നേടി തൃണമൂല്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും അവര്‍ അറിയിച്ചു. വേണമെങ്കില്‍ ഞാനും കാവലിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തോല്‍വി ഭയന്നാണ് തൃണമൂല്‍ ഇതാരോപിക്കുന്നതെന്ന് ബിജെപി നേതാവ് തപസ് റോയ് പ്രതികരിച്ചു. തൃണമൂലിന്‍റെ ആരോപണം വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു..