ന്യൂഡല്‍ഹി: ജൂണ്‍ 18ന് രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒഴിവു വന്ന സീറ്റിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിജെപിയും. എഐസിസിപ്രസിഡണ്ട് മല്ലികാർജുന്‍ ഖാർഗെ കർണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാവും. കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യന് മന്ത്രി സ്ഥാനം നഷ്ടപ്പെടും. പുതിയ പട്ടികയില്‍ അദ്ദേഹത്തിന് സീറ്റില്ല. മന്ത്രിസഭ പുനർ നിർണ്ണയ സമയത്ത് അദ്ദേഹത്തെ നീക്കിയേക്കും.
കോണ്‍ഗ്രസിന് വേണ്ടി ഖാർഗെയ്ക്ക് പുറമെ പ്രധാന നേതാവായ പവന്‍ രേഖയും രാജ്യസഭയിലേക്ക് എത്തിയേക്കും. കർണ്ണാടകയെ പ്രതിനിധീകരിക്കുന്ന ഇരുവർക്കും പുറമെ മന്‍സൂർ അലി ഖാനും രാജ്യസഭയിലേക്ക് മത്സരിക്കും. പക്ഷേ ദിഗ് വിജയക് സിംഗിനെ ഇത്തവണ ഹൈക്കമാന്‍ഡ് ഒഴിവാക്കിയത് ശ്രദ്ധ നേടിയിട്ടുണ്ട്. മല്ലികാർജുന്‍ ഖാർഗെയുടെ വിശ്വസ്തന്‍ പ്രണവ് ഝാക്കും രാജ്യസഭാ സീറ്റ് നല്‍കിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് എഐസിസി ഭാരവാഹി പ്രവീണ്‍ ചക്രവർത്തിയെ പരിഗണിക്കുന്നത്. കോണ്‍ഗ്രസ് ഡിഎംകെയുടെ സഖ്യ കക്ഷിയായ സമയത്ത് ഇദ്ദേഹത്തിന് സീറ്റ് നല്‍കുന്നതിനെ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ശക്തമായി എതിർത്തിരുന്നു. ടിവികെയുമായുള്ള കൂടിക്കാഴ്ച്ചയെ തുടർന്നായിരുന്നു എതിർപ്പ്. പക്ഷേ കോണ്‍ഗ്രസ് നിലപാടെടുക്കാതെ അദ്ദേഹത്തോടൊപ്പം നിന്നിരുന്നു.
അതേ സമയം ബിജെപി അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജോർജ് കുര്യന് പുറമെ കേന്ദ്ര മന്ത്രിയായ രവിനീത സിങ് ബിട്ടുവിനും ഇത്തവണ സീറ്റില്ല. മധ്യപ്രദേശില്‍ നിന്ന് തരുണ്‍ ചുഗും, രജനീഷ് അഗർവാളും രാജ്യസഭയിലേക്ക് മത്സരിക്കും. രാജസ്ഥാനില്‍ നിന്ന് സതീഷ് പൂനിയയും അരുണാചല്‍ പ്രദേശില്‍ നിന്ന് തായ തഗക്കും ഗുജറാത്തില്‍ നിന്ന് രജുഭായ് ശുക്ല, മുകേഷ് ഭായ് റത്ത് വ, മന്‍സിങ് പർമർ, ജിതേന്ദ്ര മേഘ്ജിഭായ് കന്‍സരിയ എന്നിവരും മണിപ്പൂരില്‍ നിന്ന് എ ശാർദ ദേവിയും രാജ്യസഭയലിക്ക് മത്സരിക്കും.