ബെര്ലിന്: ജര്മ്മനിയിലെ ബോഹും നഗരത്തില് ഫ്ളാറ്റില് അഗ്നിബാധയുണ്ടായതിനെ തുടര്ന്ന് മൂന്ന് മലയാളികള് കൊല്ലപ്പെട്ടു. ചൊവ്വ പുലര്ച്ച 4.15നായിരുന്നു അഗ്നിബാധയുണ്ടായത്. അഗ്നി രക്ഷാ സേന വന്നപ്പോഴേക്കും ശക്തമായ പുകയും തീയും ഉയര്ന്നതിനാല് രക്ഷാ പ്രവര്ത്തനം പ്രയാസമായിരുന്നു. തുടര്ന്ന് നടത്തിയ ശക്തമായ ശ്രമത്തിലാണ് മൂന്ന് പേരെ കൊല്ലപ്പെട്ടതായ് കണ്ടെത്തിയത്. അഞ്ച് പേര് പുകശ്വസിച്ച് അവശരായിരുന്നു. ഇവരെ ഉടന് ആശുപത്രിയിലെത്തിച്ചു. ഇവര് ഏത് രാജ്യക്കാരാണെന്നോ ഇവരുടെ ആരോഗ്യ നിലയെ കുറിച്ചോ കാര്യങ്ങളൊന്നും വ്യക്തമല്ല.
തീ പിടിച്ചത് സ്വാഭാവികമല്ലെന്നാണ് കരുതുന്നത്. അതേ കെട്ടിടത്തില് താമസിക്കുന്ന ഒരു റൊമാനിയന് പൗരന് തീയിട്ടതാണെന്നും സംശയിക്കുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല് വിവരങ്ങള് ലഭ്യമായി വരുന്നതേയുള്ളു.
കൊല്ലപ്പട്ട മലയാളികള് ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാര് സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വിനി നിവാസില് അഞ്ജലി എസ് ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിന് ജോണി (27) എന്നിവരാണ്. ഇതില് നോവ ആറ് മാസം മുമ്പാണ് ജര്മ്മനിയിലെത്തിയത്. അഞ്ജലി ഒരു വയര് ഹൗസ് കമ്പനിയില് മൂന്ന് മാസമായി ജോലി ചെയ്ത് വരുന്നു. സിവിന് ജോണി രണ്ടാഴ്ച്ച മുമ്പാണ് ജര്മ്മനിക്ക് പോയത്.