ഗുവാഹത്തി: കൂറ്റന്‍ റണ്‍മലയ്ക്കാണ് ഗുവാഹത്തി സാക്ഷ്യം വഹിച്ചത്. സെഞ്ചുറികളുടെ ഒഴുക്കായിരുന്നു. വെസ്റ്റിന്‍ഡീസ് മൂന്ന് സെഞ്ചുറിയടിച്ചപ്പോള്‍ ഇന്ത്യ മറുപടിയില്‍ ഡബിളടിച്ചു തിരിച്ചടിച്ചു. കൂടെ ഹിറ്റ്മാന്‍റെ വക ഒരു സെഞ്ചുറിയും. അതിനപ്പുറം റെക്കോര്‍ഡ് ചേസും നേടി ഇന്ത്യ റണ്‍മല പിന്തുടര്‍ന്നപ്പോള്‍ ഗുവാഹത്തി പുതിയ ചരിത്രത്തിന് സാക്ഷിയായി. 406 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 44 ഓവറില്‍ ലക്ഷ്യം കണ്ടു. പുതിയ രണ്ട് റെക്കോര്‍ഡുകളാണ് ഗുവാഹത്തിയില്‍ പിറന്നത്. ഇന്ത്യയുടെ എക്കാലത്തേയും ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ഇന്ന് പിറന്നത്. ഗില്ല് ഇന്നടിച്ചത് ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ചുറിയും.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് കാര്യവട്ടത്തുള്ള പക വീട്ടുകയാണോ എന്ന് തോന്നിപ്പോയി. നവ പേസര്‍മാരായ ഗുര്‍നൂര്‍ ബ്രാറും അക്വിബ് നബിയും ശിരക്കും തല്ലു വാങ്ങി. 10 ഓവര്‍ എറിഞ്ഞ ഗുര്‍നൂര്‍ നല്‍കിയത് 96 റണ്‍സാണെങ്കില്‍ അക്വിബ് 8.5 ഓവറില്‍ നല്‍കിയത് 84 റണ്‍സാണ്. വിന്‍ഡീസിന് വേണ്ടി ഓപ്പണര്‍ ജോണ്‍ കാംബല്‍ (68 പന്തില്‍ 101), ക്യപ്റ്റന്‍ ഷായ് ഹോപ് (94 പന്തില്‍ 104), അമീര്‍ ജാങ്കു (77 പന്തില്‍ 114) എന്നിവരാണ് സെഞ്ചുറി നേടിയത്. 405 റണ്‍സ് അടിച്ച വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ നേടുന്ന മൂന്നാമത്തെ ഏറ്റവും വലിയ സ്‌കോറാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടുന്നത് രണ്ടാം തവണയാണ്.
പക്ഷേ മറുപടി ബാറ്റിംഗിനിറങ്ങുമ്പോള്‍ വെസ്റ്റിന്‍ഡീസ് പ്രതീക്ഷിച്ചതിലപ്പുറമായിരുന്നു പ്രഹരം. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത്തും കൂടി ഒന്നാം വിക്കറ്റില്‍ നേടിയെടുത്തത് 255 റണ്‍സാണ്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. 2001ല്‍ സൗരവ് ഗാംഗുലിയും സച്ചിന്‍ തെന്‍ഡുല്‍ക്കറും നേടിയ 258 റണ്‍സാണ് ഇപ്പോഴും ഒന്നാമതുള്ളത്. 12ാം ഓവറാമ്പോഴേക്കും ഇന്ത്യ 100 കടന്നിരുന്നു. 32 പന്തിലായിരുന്നു രോഹിത് അര്‍ദ്ധ സെഞ്ചുറി നേടിയത്. പക്ഷേ മറുഭാഗത്ത് ഗില്ലിന്‍റെ പ്രഹരം ശക്തമായത് അര്‍ദ്ധ സെഞ്ചുറിക്ക് ശേഷമായിരുന്നു. 62 പന്തിലാണ് ഗില്ല് തന്‍റെ ശതകം പൂര്‍ത്തിയാക്കിയത്.
സെഞ്ചുറി തികച്ച് രോഹിത്ത് പുറത്തായപ്പോഴും ഗില്ല് തന്‍റെ ആക്രമണം നിര്‍ത്തിയില്ല. ഏഴ് സിക്‌സറുകളുടെയും 24 ഫോറുകളുടെയം അകമ്പടിയോടെ ഗില്ല് തന്‍റെ അതിവേഗ ഡബിള്‍ സെഞ്ചുറി നേടി. 126 പന്തില്‍ ഇഷാന്‍ കിഷാന്‍ നേടിയ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗില്ല് തകര്‍ത്തത്. രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഏകദിനത്തില്‍ ഒന്നിലധികം ഡബിള്‍ സെഞ്ചുറി നേടിയ റെക്കോര്‍ഡും കൂടി ഗില്ല് സ്വന്തമാക്കി. രോഹിതിന് മൂന്ന് ഡബിള്‍ സെഞ്ചുറിയാണ് നിലവിലുള്ളത്. 2023ല്‍ ന്യൂസിലന്‍ഡിനെതിരായിരുന്നു ഗില്ലിന്‍റെ ആദ്യ ഡബിള്‍ സെഞ്ചുറി. 406 റണ്‍സ് മറികടന്നപ്പോള്‍ ഇന്ത്യയുടെ എക്കാലത്തേയും റെക്കോര്‍ഡ് ചേസായി അത് രേഖപ്പെടുത്തപ്പെട്ടു. 2013ല്‍ ഓസ്‌ട്രേലിയക്കെതിരെ 362 റണ്‍സിന്‍റെ ചേസായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള റെക്കോര്‍ഡ്.
വെസ്റ്റിന്‍ഡീസിനെ 8 വിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് മുന്നിലായി. മൂന്നാം മത്സരം ഒക്ടോബര്‍ 3ന് ന്യൂ ചണ്ഡിഗഡില്‍ നടക്കും.