ഡല്‍ഹി: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യയില്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രതിഷേധത്തെ അനുകൂലിച്ച് പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് മഞ്ജുള്‍ വരച്ച കാര്‍ട്ടൂണ്‍ ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. ഗ്യാനേഷ് കുമാറിനെ പരിഹസിച്ചുള്ള കാര്‍ട്ടൂണായിരുന്നു മഞ്ജുള്‍ വരച്ചത്. കാര്‍ട്ടൂണ്‍ പിന്‍വലിക്കാന്‍ മെറ്റയ്ക്ക് നിര്‍ദ്ദേശം ലഭിച്ചെന്നും അത് കൊണ്ടാണ് ഇത് പിന്‍വലിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാം അറിയിച്ചു. പക്ഷേ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപയോഗക്താക്കള്‍ക്ക് ഇത് കാണാന്‍ സാധിക്കും.
പിന്‍വലിക്കല്‍ നോട്ടീസ് തനിക്ക് ലഭിച്ചെന്നും അത് കൊണ്ട് ഇത് നിങ്ങളുടെ മുന്നില്‍ ഒരിക്കല്‍ കൂടി പങ്കുവെക്കുന്നുവെന്നും എക്‌സില്‍ മഞ്ജുള്‍ കുറിച്ചു. രാജ്യത്തിന്‍റെ ഭരണകര്‍ത്താക്കളില്‍ നിന്നോ ക്രമസമാധാനപാലന ചുമതലയുള്ള ഏജന്‍സികളില്‍ നിന്നോ ലഭിച്ച വിവരമനുസരിച്ചാണ് ഇത് നീക്കം ചെയ്യുന്നുവെന്നാണ് മെറ്റ തന്നോട് അറിയിച്ചതെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ യാഥാര്‍ത്ഥ്യം വിളിച്ചോതുന്ന കാര്‍ട്ടൂണ്‍ ഇന്ത്യക്കാര്‍ക്ക് കാണുന്നത് തടഞ്ഞുവെന്നും പക്ഷേ കാര്‍ട്ടൂണിന്‍റെ ലക്ഷ്യങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായെന്നും മഞ്ജുള്‍ വാര്‍ത്താ മാധ്യമങ്ങളോട് അറിയിച്ചു.
ഗ്യാനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യം ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാന്‍ ബുധനാഴ്ച്ച യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നൗ എന്നീ നഗരങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പലതും സംഘര്‍ഷത്തില്‍ കലാശിച്ചു. ബിഹാറില്‍ വോട്ട് നഷ്ടപ്പെട്ടവരുടെ സമ്മേളനം തന്നെ വിളിച്ച് ചേര്‍ക്കുമെന്ന് സിപിഐഎമ്മും അറിയിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാര്‍ തന്റെ കസേരയില്‍ നിന്ന് ഒഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും അറിയിച്ചു.