ഫുജൈറ: അപ്രതീക്ഷിതമായി കേട്ട മരണത്തിന്‍റെ ആഘാതത്തിലാണ് വടകരയിലെ അന്‍സാറിന്‍റെ കുടുംബം. ആഴ്ച്ചകളായി തുടരുന്ന തണുപ്പില്‍ നിന്ന് മോചനം ലഭിക്കാന്‍ പലരും പലവഴി തേടാറുണ്ട്. തണുപ്പകറ്റി കിടന്നുറങ്ങാന്‍ വേണ്ടി വണ്ടിയില്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയ അന്‍സാര്‍ ദാരുണമായി മരണപ്പെടുകയായിരുന്നു. കോഴിക്കോട് വടകര വള്ളിക്കാട് സ്വദേശി മുഹമ്മദ് അന്‍സാര്‍ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അന്‍സാറിനെ ട്രക്കിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തൗബാനിലെ ഗാരജില്‍ ജോലി ചെയ്യുന്ന അന്‍സാര്‍ ഹെവി ഡ്രൈവിങ് ലൈസന്‍സിന് വേണ്ടിയുള്ള ശ്രമത്തിലായിരുന്നു. ഹുസൈന്‍റെയും റംലയുടെയും മകനായ അന്‍സാര്‍ വര്‍ഷങ്ങളായി നാട്ടിലെത്തിയിട്ട്. അവിവാഹിതനായ അന്‍സാറിന്‍റെ പിതാവും മറ്റൊരു മകനും ഫുജൈറയിലെ മുറബ്ബയില്‍ ഗ്രോസറി നടത്തുന്നുണ്ട്.
കടുത്ത തണുപ്പിനെ പ്രതിരോധിക്കാന്‍ ഹീറ്ററിട്ട അന്‍സാര്‍ ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് മരണപ്പെട്ടതെന്ന് പ്രാഥമിക നിഗമനം. പോലീസ് അന്വേഷിച്ച് വരികയാണ്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും.
ശൈത്യം യുഎഇയില്‍ ശക്തമായതോടെ തണുപ്പകറ്റാന്‍ വേണ്ടി ജനങ്ങള്‍ തെരെഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളില്‍ കനത്ത ജാഗ്രത വേണമെന്ന് അധികൃതര്‍ അറിയിച്ചു. ശരിയായ രീതിയില്‍ ഹീറ്ററോ ചാര്‍ക്കോളോ ഉപയോഗിക്കാത്തത് വലിയ അപകടത്തിലേക്ക് നയിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.