ലിമ: പെറുവിലെ പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ശക്തമായ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. സഹതാരങ്ങള്‍ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പ്രതിരോധനിര താരം ഹ്യൂഗോ ഡി ലാ ക്രൂസാണ് മരണപ്പെട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴച്ചയായിരുന്നു തലസ്ഥാന നഗരിയായ ലിമയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള കോട്ടോ കോട്ടോ സ്‌റ്റേഡിയത്തില്‍ സംഭവം നടന്നത്. മത്സരത്തിന്‍റെ 22ാം മിനുറ്റില്‍ ശക്തമായ മഴയും കാറ്റും കാരണം മത്സരം നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് താരങ്ങള്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ശക്തമായ ഇടിമിന്നല്‍ ഗ്രൗണ്ടില്‍ പതിക്കുന്നത്. ഉടനെ റഫറിയടക്കം താരങ്ങള്‍ ഒന്നടങ്കം നിലം പതിക്കുകയായിരുന്നു. ഒന്നു രണ്ടു പേര്‍ ശേഷം എഴുന്നേറ്റ് പോവുന്നതും വീഡിയോയില്‍ കാണാം.
മിന്നലേറ്റവരെയൊക്കെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണപ്പെട്ട താരത്തെ രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിലെത്തും മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. രണ്ട് പേര്‍ ചികിത്സ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടിട്ടുണ്ട് മറ്റുള്ളവര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്.