മഞ്ച്വേശം: മകളെ വെട്ടിക്കൊന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടു. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശിനി മറിയം ജുമൈല (18) ആണ് പിതാവ് ഫാറൂഖിന്‍റെ അതിക്രൂരമായ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ലഹരി ഉപയോഗമായിരുന്നു കൊലപാതകത്തിന്‍റെ മുഖ്യകാരണം. സ്വത്ത് തര്‍ക്കം കേവലം ഒരു കാരണം മാത്രമായിരുന്നു. ഇയാള്‍ മുമ്പും പല കേസുകളില്‍ പ്രതിയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകുന്നേരമാണ് അതിദാരുണമായ സംഭവം നടന്നത്. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ ഇയാള്‍ കുടുംബവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും കയ്യിലുണ്ടായിരുന്നു കത്തി ഉപയോഗിച്ച് മകളെ വെട്ടുകയുമായിരുന്നു. നിരന്തരം ലഹരി ഉപയോഗിക്കുന്നതിനാല്‍ കുടുംബവുമായി അല്‍പ്പം അകല്‍ച്ചയിലായിരുന്നു. കുടുംബം ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കിയരുന്നു. മൂന്ന് മാസം മുമ്പാണ് അയാള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയത്.
വൈകുന്നേരം ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്‍റെ രേഖകള്‍ കൈമാറാനെന്ന വ്യാജേനയയായിരുന്നു ഇയാള്‍ വീട്ടിലെത്തി ഈ പാതകം ചെയ്തത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ജുമൈലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തില്‍ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. കൊലപാതകത്തിന് ശേഷം ഇയാള്‍ സ്ഥലത്ത് തന്നെ നിലയുറപ്പിക്കുകയും പോലീസ് വന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
നിലവില്‍ മൃതദേഹം മഞ്ചേശ്വരത്തെ ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായ് മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.