കാസറഗോഡ്: കേരളത്തിലെ ഏറ്റവും വലിയ മത സംഘന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി ആഘോഷത്തിന്‍റെ നിറവിലാണ് കാസറഗോഡ് ജില്ല. ശതാബ്ദി ആഘോഷത്തിന് ആദിത്യമരുളാന്‍ അവസരം കിട്ടിയ സന്തോഷത്തിലും കൂടിയാണ് കാസറഗോഡ് മുസ്ലിംകള്‍. സമ്മേളനത്തിന്‍റെ ഭാഗമായി അണിയിച്ചൊരുക്കിയ ആത്മീയ ക്യാമ്പില്‍ 50000ത്തോളം പേരുടെ സാന്നിധ്യമാണ് നിലവിലുള്ളത്. വ്യത്യസ്ഥ സെഷനുകള്‍ മൂന്ന് വേദകളിലായി നടക്കും. രാഷ്ട്രീയ-സാസ്‌കാരിക-മതമേഖലയിലെ പ്രമുഖര്‍ സ്റ്റേജില്‍ നേതൃത്വം നല്‍കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്ട്യൂട്ട് നിലനില്‍ക്കുന്ന കുണിയ നഗരിയിലാണ് സമ്മേളനം നടക്കുന്നത്.
ഇന്നലെ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രിമുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് സമ്മേളനത്തിന്‍റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. അടുത്ത കാലത്തായി സമസ്തയില്‍ നടക്കുന്ന അസ്വാരസ്യങ്ങള്‍ക്കൊന്നും സമ്മേളന നഗരിയില്‍ നേതാക്കള്‍ സാഹചര്യമൊരുക്കിയില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. കമ്മ്യൂണിസത്തിനെതിരെ ശബ്ദിച്ചായിരുന്നു സമസ്ത ജോ.സെക്രട്ടറി മുക്കം ഉമ്മര്‍ ഫൈസി വേദിയില്‍ തന്‍റെ സ്വാഗതഭാഷണം നടത്തിയത്.
അടുത്ത രണ്ട് ദിവസങ്ങളിലായി ജെന്‍സി അസംബ്ലി, ക്യാമ്പസ് കോണ്‍ക്ലേവ്, മീഡിയ സെമിനാര്‍,കള്‍ച്ചറല്‍ മീറ്റ്, ആരോഗ്യ വിചാരം, നാഷണല്‍ എഡു കോണ്‍ക്ലേവ്, പ്രവാസി സംഗമം, മൈത്രി സംഗമം, ഗ്ലോബല്‍ ഉലമാ സമ്മിറ്റ് തുടങ്ങിയ വ്യത്യസ്ഥ പരിപാടികള്‍ ക്യാമ്പില്‍ നടക്കും. എല്ലാ സംഗമങ്ങളും സമയാധിഷ്ടമായി തന്നെയായിരിക്കും മുന്നോട്ട് പോവുക.
സമ്മേളനം നിയന്ത്രിക്കാന്‍ വേണ്ടി സമസ്തയുടെ കീഴിലുള്ള മൂവായിരത്തോളം വിഖായ വളണ്ടിയര്‍മാര്‍ അണിനിരന്നിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ അവര്‍ക്ക് ലഭ്യമായ ക്യൂ ആര്‍ കോഡ് ഉപയോഗിച്ചാണ് ക്യാമ്പില്‍ സാന്നിധ്യമറിയിക്കുക. അവരെ നിയന്ത്രിക്കാന്‍ ആയരത്തോളം നേതൃനിരയേയും അണിയിച്ചൊരുക്കിയിട്ടുണ്ട്. പ്രവേശനം കർശനമായതിനാല്‍ മുന്‍കൂട്ടി രജിസ്റ്റർ് ചെയ്യാത്തവർക്ക് ക്യാമ്പില്‍ പ്രവേശനമുണ്ടായിരിക്കില്ല.
സമ്മേളനത്തിന്‍റെ ഭാഗമായി ഫെബ്രുവരി ആദ്യ വാരത്തില്‍ ഗ്ലോബല്‍ എക്‌സ്‌പോയും നടന്നിരുന്നു. നഗരിയില്‍ ഉയർത്താനുള്ള നൂറ് പതാകകള്‍ ലോകത്തിന്‍റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്നാണ് സമ്മേളന നഗരിയിലേക്കെത്തിയിരിക്കുന്നത്.
ഞായറാഴ്ച്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ അലി ദാവൂദ്, സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാര്‍, ട്രഷറര്‍ ഉമര്‍ മുസ്ല്യാര്‍ കൊയ്യോട്, കുമ്പോല്‍ സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, വിഡി സതീശന്‍, പികെ കുഞ്ഞാലിക്കുട്ടി, ഡികെ ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.