കൊച്ചി: തുടര്‍ച്ചയായ് വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനാല്‍ സ്‌പൈസ് ജെറ്റിന് മുന്നറിയിപ്പ് നോട്ടീസ് നല്‍കി സിയാല്‍. കൃത്യ സമയത്ത് സര്‍വ്വീസ് നടത്താത്തതിനാലാണ് സിയാല്‍ നോട്ടീസ് അയച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതലാണ് സ്‌പൈസ് ജെറ്റിന്‍റെ സര്‍വ്വീസ് വൈകുകയും ചില സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തതത്. ഇതിന് പുറമെ സിയാലിന് സ്‌പൈസ് ജെറ്റ് കോടികള്‍ കുടിശ്ശിക വകയില്‍ നല്‍കാനുമുണ്ട്. അതോടൊപ്പം ജോലിക്കാര്‍ക്കുള്ള വേതനം നല്‍കുന്നതില്‍ വൈകുന്നതുമാണ് മറ്റൊരു കാരണം.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി-ദുബായ് വിമാനം റദ്ദാക്കിയത്. തുടര്‍ന്ന് പുതുക്കിയ കൊച്ചി-ഫുജൈറ വിമാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് പറന്നത്. ഇന്നും കൊച്ചി-ഫുജൈറ വിമാനം വീണ്ടും റദ്ദാക്കി. രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 എന്ന വിമാനമാണ് മുന്‍കൂര്‍ അറിയിപ്പില്ലാതെ റദ്ദാക്കിയത്. കഴിഞ്ഞ ഒരാഴ്ച്ചയായ് സ്‌പൈസ് ജെറ്റിന്‍റെ അവസ്ഥ ഇതു തന്നെയായിരുന്നു. സിയാല്‍ നല്‍കിയ നോട്ടീസിന് സ്‌പൈസ് ജെറ്റ് നല്‍കിയ വിശദീകരണം സ്വീകരിക്കപ്പെട്ടിരുന്നില്ല.
കാലാവസ്ഥ കാരണമായിരുന്നു സിയാലിന് മുന്നില്‍ സ്‌പൈസ് ജെറ്റ് അവതരിപ്പിച്ചതെങ്കിലും മറ്റു വിമാനങ്ങള്‍ക്ക് ഇത് ബാധിക്കുന്നില്ലെന്നായിരുന്നു സിയാലിന്‍റെ മറുപടി. നിരന്തരം യാത്രക്കാരുടെ പരാതികള്‍ ഉയര്‍ന്നിട്ടും വേണ്ടവിധം പരിഹാര നടപടി ക്രമങ്ങള്‍ സ്‌പൈസ് ജെറ്റ് നടത്തിയില്ലെന്നാണ് സിയാല്‍ ആരോപിക്കുന്നത്. യാത്രക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാന സ്റ്റാറ്റ്‌സ് പരിശോധിക്കണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെട്ടിട്ടുണ്ട്.