പാനൂര്‍: സ്ത്രീകള്‍ വിവാഹ വസ്ത്രത്തില്‍ മേക്കപ്പിട്ടാല്‍ പിന്നെ ശരീരം വിയര്‍ക്കാന്‍ അവര്‍ മടിക്കും അത് ഡോക്ടറായാലും തഥൈവ. പക്ഷേ ഒറ്റപ്പാലം വള്ളുവനാട് ഹോസ്പിറ്റലില്‍ എമര്‍ജന്‍സി മെഡിസിന്‍ ഒന്നാം വര്‍ഷ എം ഡി വിദ്യാര്‍ത്ഥിനി ഡോ ഷിറിന് വിവാഹ ദിവസവും തന്‍റെ കടമ നിര്‍വ്വഹിച്ച് ശ്രദ്ധേമയമായിരിക്കുകയാണ്. വിവാഹ പന്തലില്‍ പെട്ടെന്നുണ്ടായ രണ്ട് പേരുടെ ദേഹാസ്വസ്ഥ്യമാണ് ഡോ ഷിറിന് വിവാഹ വസ്ത്രത്തിലും ഡോക്ടര്‍ വേഷം അണിയേണ്ടി വന്നത്.
കൂത്തുപറമ്പ് സ്വദേശിയും ഓര്‍ത്തോ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയുമായ ഡോ റിജാസുമായുള്ള വിവാഹത്തിന്റെ ഇടയിലായിരുന്നു സംഭവം. കാറ്ററിംഗിന് വന്ന ടീമിലെ രണ്ട് വനിതാ ജിവനക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും അതില്‍ ഒരാളുടെ മൂക്കില്‍ നിന്ന് ചോര വരികയും മറ്റൊരാള്‍ക്ക് തല കറക്കം അനുഭവപ്പെടുകയും ചെയ്തു. വിവാഹ വേഷത്തിലിരിക്കുന്നത് ഡോക്ടറാണെന്നറിഞ്ഞ ബന്ധുക്കളില്‍ ഒരാളാണ് ഷിറിനോട് കാര്യം അവതരിപ്പിച്ചത്.
ഉടനെ ഒട്ടും മടി കാണിക്കാതെ ഇരുവരെയും ഡോക്ടര്‍ പരിചരിക്കുകയും അടിസ്ഥാന പരിചരണം നല്‍കുകയും ചെയ്തു. മൂക്കില്‍ നിന്ന് രക്തം വന്നവര്‍ക്ക് ഏറെ ആശ്വാസകരമായ രൂപത്തിലായിരുന്നു അവര്‍ വിവാഹ പന്തലില്‍ രോഗിയെ പരിശോധിച്ചത്. ഇതിനിടെ ആരോ പകര്‍ത്തിയ വീഡിയോയാണ് ഈ കാര്യം പുറം ലോകത്തെത്തിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വിവാഹ ദിവസവും കടമ മറക്കാതെ രോഗിയെ പരിചരിച്ച ഡോ ഷിറിന് വേണ്ടി കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. താന്‍ തന്‍റെ കടമ മാത്രമാണ് നിര്‍വ്വഹിച്ചതെന്നും അത് അത്ര കാര്യമാക്കനില്ലെന്നു തനിക്ക് അനുകൂലമായി പ്രതികരിച്ച സോഷ്യല്‍ മീഡിയക്കാര്‍ക്ക് നന്ദിയുണ്ടെന്നുമാണ് അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.