തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ സ്വത്ത് വിവരം മറച്ചുവെന്ന പരാതിയില്‍ ബേപ്പൂര്‍ എം എല്‍ എ മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കും കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. നെയ്യാറ്റിന്‍കര സ്വദേശി നാഗരാജ് നല്കിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം.
നാമനിര്‍ദേശ പത്രികയില്‍ വീണയുടെ സ്വത്ത് വിവരമാണ് മറച്ചുവെച്ചതെന്ന് ഹരജിയില്‍ പറയുന്നു. ഭാര്യയ്ക്ക് ഒരു കമ്പനിയുമായി ബന്ധമുണ്ടെന്ന കാര്യം പത്രികയില്‍ പരാമര്‍ശിച്ചിട്ടില്ല പക്ഷേ അന്വേഷണത്തില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സിഎംആര്‍എല്ലില്‍ നിന്നും പണം ലഭിച്ചതായ് കണ്ടെത്തിയിരുന്നു. 1.72 കോടി രൂപയാണ് ഈ കമ്പനിയില്‍ നിന്ന് വീണയ്ക്ക് ലഭിച്ചതെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ ശതമാനക്കണക്കൊന്നും പത്രികയിലില്ലെന്നാണ് ഹരജിക്കാരന്റെ പരാതി.
നിയമസഭാ ചട്ടമനുസരിച്ച് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി സ്വന്തം സ്വത്തുവിവരത്തോടൊപ്പം കുടുംബത്തിന്റെയും വിവരങ്ങള്‍ നല്‍കണമെന്നാണ് ചട്ടം. ഇത് ലംഘിച്ചെന്ന ആരോപണത്തിലാണ് കോടതി നേരിട്ട് ഹാജരാകാന്‍ ഉത്തരവിട്ടത്.