ചങ്ങനാശേരി: എന്തിനാണ് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഘടക കക്ഷികള്‍ ഇടപെടുന്നതെന്നും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ വൈകുന്നത് മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള ഘടക കക്ഷികള്‍ ഇടപെട്ടത് കൊണ്ടാണെന്നും എന്‍സ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത് ജനാധിപത്യത്തിന് യോജിച്ചതല്ല. ആര് വന്നാലും സ്വീകരിക്കുന്നതാവണം ഘടക കക്ഷികളുടെ നിലപാട് എന്നാല്‍ മാത്രമേ ജനാധിപത്യമെന്ന വാക്ക് പൂര്‍ണ്ണ അര്‍ത്ഥമാവുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
102 സീറ്റിന്‍റെ വലിയ വിജയത്തിന് ഈ വൈകിയ പ്രഖ്യാപനം കളങ്കമേല്‍പ്പിക്കുന്നുണ്ട്. മന്ത്രിസഭ വന്നാല്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് നേരിട്ട് ഏറ്റെടുക്കണം. എല്ലാ കാലവും അത് ഒരു കൂട്ടര്‍ മാത്രം കൈവശം വെക്കുന്നത് ശരിയല്ല. എന്‍ എസ് എസ് കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടാറില്ല. മൂന്നു പേരില്‍ ആര് വന്നാലും സ്വീകരിക്കും. ആരുടെ പേരിനോടും പ്രത്യകേ താല്‍പര്യമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
പ്രസ്താവനയോട് ഇതുവരെ ലീഗോ മറ്റു ഘടക കക്ഷികളോ പ്രതികരിച്ചിട്ടില്ല. ഇന്നലെ എം എം ഹസന്‍ പറഞ്ഞ നിലപാടും ഘടക കക്ഷികളെ ദേശ്യം പിടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ ഷിബു ബേബി ജോണ്‍ വ്യംഗ്യമായി പറഞ്ഞെങ്കിലും പ്രത്യക്ഷത്തില്‍ ഒന്നും പ്രതികരിച്ചിട്ടില്ല.