ടെഹ്‌റാന്‍: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ രാജായി തുറമുഖത്ത് വന്‍ സ്‌ഫോടനം നടന്നതായി ഇറാനിലെ സ്‌റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ ഔദ്യോഗിക ചാനലുകളാണ് വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. സ്‌ഫോടനത്തില്‍ 500ലധികം പേര്‍ക്ക് പരിക്കുണ്ട്. നാലു പേര്‍ മരിച്ചതായും റിപ്പോർട്ടുണ്ട്. ടെഹ്‌റാനിലെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജായി തുറമുഖം 1000 കിലോമീറ്റര്‍ നീണ്ടു നില്‍ക്കുന്ന വലിയ പ്രവിശ്യയാണ്.
പ്രദേശത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. പരിക്കേറ്റവരെ അടുത്തുള്ള മെഡിക്കല്‍ സെന്‍ററുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് വക്താവ് സ്റ്റേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സംഭവ സ്ഥലത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്.
ഒമാനില്‍ ഇറാനും അമേരിക്കയും തമ്മില്‍ നടക്കുന്ന ആണവ ചര്‍ച്ചകളുടെ അവസാന ഘട്ടത്തിലാണ് സ്‌ഫോടനം നടന്നിരിക്കുന്നതെന്നത് സംഭവത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
സംഭവത്തിന് പിന്നിലെ കാരണങ്ങളോ പിന്നില്‍ ആരാണെന്നോ വ്യക്തമല്ല. 2020ല്‍ രാജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. അന്ന് ഇതിന് പിന്നില്‍ ഇസ്‌റാഈലാണെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് ഇറാന്‍ അന്വേഷിച്ച് വരുകയാണ്. സംഭവത്തില്‍ മറ്റു അനിഷ്ടങ്ങളെന്നും സംഭവച്ചിതായി നിലവില്‍ റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.