എം ടിയുടെ നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കും.
രാഷ്ട്രീയ സാസ്‌കാരിക പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
സംസ്‌കാരം നാളെ വൈകുന്നേരം 5 മണിക്ക് മാവൂര്‍ പൊതുസ്മശാനത്തില്‍.
കോഴിക്കോട്: മലയാളത്തിന്‍റെ അക്ഷര വസന്തം മാഞ്ഞു. മലയാള മണ്ണിന് അക്ഷരം കൊണ്ട് അഭിമാനം നല്‍കിയ പ്രിയ നായകന് കണ്ണീരോടെ വിട. എം ടി വാസുദേവന്‍ നായര്‍ ഇനി ഓര്‍മ. ഇന്ത്യന്‍ സമയം രാത്രി പത്ത് മണിയോടെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ അഞ്ച് ദിവസമായി ആശുപത്രിയിലായിരുന്നു അദ്ദേഹം. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മാവൂര്‍ പൊതു സ്മശാനത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നിര്‍വ്വഹിക്കും.
എം ടിയുടെ വിയോഗത്തില്‍ സര്‍ക്കാര്‍ 26,27 തിയ്യതികളില്‍ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചാരണം പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിച്ച മുഴുവന്‍ പരിപാടികളും റദ്ദ് ചെയതു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കും.
സാഹിത്യത്തിന്‍റെ ഏറെക്കുറെ ഭാഗങ്ങളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ചെറുകഥ, നോവല്‍, തിരക്കഥ, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിവയിലായിരുന്നു അദ്ദേഹം തന്‍റെ കയ്യൊപ്പ് ചാര്‍ത്തിയത്. ഇതിന് പുറമെ മലയാള സിനിമയിലും അദ്ദേഹം തന്‍റേതായ സംഭാവനകള്‍ സമര്‍പ്പിച്ചു. 6 സിനിമകളും രണ്ട് ഡോക്യമെന്‍ററിയും അദ്ദേഹം സംവിധാനം ചെയ്തു.
തേടിയെത്താത്ത മലയാള അവാര്‍ഡുകളില്ല. 2005ല്‍ കേന്ദ്രം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ജ്ഞാനപീഠം, എഴുത്തച്ചന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങള്‍ അവയില്‍ ചിലത് മാത്രം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 11 തവണയും ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണയും അദ്ദേഹത്തെ തേടിയെത്തി. മികച്ച സംവിധായകനുള്ള പുരസ്‌കാരവും മൂന്ന് തവണ സ്വന്തമാക്കി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും എം ജി യൂണിവേഴ്സിറ്റിയും ഡി ലിറ്റ് നല്‍കി ആദരിച്ചു.
മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാല്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.സി.സി പ്രസിഡണ്ട് സുധാകരന്‍ തുടങ്ങിയ രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.