ന്യൂഡല്‍ഹി: പിണക്കാതെയും അകറ്റാതെയും കൂടെ കൂട്ടുക എന്ന നയത്തോടെയാണ് കോണ്‍ഗ്രസിന്‍റെ പുതിയ നീക്കം. ആരെയും ദേശ്യപ്പെടുത്താതെ നേതൃസ്ഥാനത്തില്‍ മാറ്റം വരണം. അതായിരുന്നു പുതിയ കെപിസിസി പ്രസിഡണ്ടിനെ തെരെഞ്ഞെടുക്കുന്നതില്‍ ഇത്രയും കാലതാമസം നേരിട്ടത്. കണ്ണൂരില്‍ നിന്നുള്ള സണ്ണി ജോസഫ് എം എല്‍ എയാണ് പുതിയ കെപിസിസിയുടെ അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ടത്. കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാക്കി മാറ്റുകയും ചെയ്തു. ഇരുവരും കണ്ണൂരില്‍ നിന്നുള്ളവരായത് കൊണ്ട് തന്നെ സുധാകരന്‍ ഈ കാര്യത്തില്‍ തൃപ്തനാണ്. അതോടൊപ്പം ഇന്നലെ സണ്ണി ജോസഫ് എം എല്‍ എയും സുധാകരനും കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
അടൂര്‍ പ്രകാശാണ് പുതയി യുഡിഎഫ് കണ്‍വീനര്‍. പിസി വിഷ്ണുനാഥ്, എപി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ കെപിസിസിയുടെ പുതിയ വര്‍ക്കിങ് പ്രസിഡണ്ടുമാർ. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.
നിലവിലെ കണ്‍വീനര്‍ എം എ ഹസ്സനെയും വര്‍ക്കിങ് പ്രസിഡണ്ടുമാരായിരുന്ന കൊടിക്കുന്നില്‍ സുരേഷ്, ടിഎന്‍ പ്രതാപന്‍, ടി സിദ്ദീഖ് എന്നിവരെ പദവിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ ചുമതലയുള്ള വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍ നിന്നും നീക്കിയിട്ടുണ്ട്.
നിയമഭയിലേക്ക് മൂന്ന് പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് 2011ലാണ് സിറ്റിങ് എംഎല്‍എ കെകെ ശൈലജയെ തോല്‍പ്പിച്ച് നിയമസഭയിലേക്കെത്തുന്നത്. 2016ലും വിജയം തുടര്‍ന്ന അദ്ദേഹം 2021ലെ തെരെഞ്ഞെടുപ്പിലും എംഎല്‍എ ആയി തെരെഞ്ഞെടുക്കപ്പെട്ടു. നിയമബിരുദധാരിയും കൂടിയാണ് അദ്ദേഹം.