ദുബായ്: മെയ് മാസത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് യുഎഇ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടര മണിക്ക് അബൂദാബിയിലെ അല്‍ ശവാമിഖില്‍ രേഖപ്പെടുത്തിയ 50.4 ഡിഗ്രിയായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ റെക്കോർഡ് ചൂടായി രേഖപ്പെടുത്തിയത്. 2003 മുതല്‍ താപനില കണക്കാക്കാന്‍ എന്‍സിഎം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ താപനിലയായിരുന്നു ഇത്. 2009ല്‍ രേഖപ്പെടുത്തപ്പെട്ട 50.2 ഡിഗ്രി ചൂടെന്ന റെക്കോര്‍ഡിനെയാണ് മറി കടന്നിരിക്കുന്നത്.
വേനല്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വേനല്‍ ശക്തിയാര്‍ജിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മാസവും രാജ്യത്തെ ഏറ്റവും വലിയ ചൂട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 42.6 ഡിഗ്രിയാണ് ഏപ്രിലില്‍ മാത്രം രേഖപ്പെടുത്തിയ താപനില.
ചൂട് കനത്ത സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ താമസക്കാര്‍ക്കും കനത്ത ജാഗ്രതാ നിർദേശമാണ് യുഎഇ നല്‍കിയിരിക്കുന്നത്. ധാരാളം വെള്ളം കുടിക്കുക, നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, ചൂടിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, സൂര്യതാപമേല്‍കാതിരിക്കാനുള്ള കണ്ണടകള്‍ ധരിക്കുക, ആവശ്യത്തിന് മാത്രം ഉച്ച സമയങ്ങളില്‍ പുറത്തിറങ്ങുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്.