ഷാര്‍ജ: ഷാര്‍ജയിലെ ദൈദ് മാര്‍ക്കറ്റിലെ തീപിടിച്ച കടകളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും താത്കാലിക പരിഹാരം ഉടന്‍ നല്‍കണമെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ട ഷോപ്പൂകള്‍ പൂര്‍ണ്ണമായ അവസ്ഥയിലേക്ക് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച്ച പുലര്‍ച്ചയായിരുന്നു ദൈദിലെ പഴയ മാര്‍ക്കറ്റില്‍ തീപിടിത്തമുണ്ടായത്.
കട ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും ഏറെ ആശ്വാസകരമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 60 ഷോപ്പുകളടങ്ങിയ പുതിയ കോംപ്ലക്‌സ് നിര്‍മ്മിക്കാനുള്ള പ്രജക്ടും അദ്ദേഹം ഇന്നലെ അവതരിപ്പിച്ചു. നിലവില്‍ 16 ഷോപ്പുകള്‍ മാത്രം അടങ്ങിയ പഴയ മാര്‍ക്കറ്റ് നിര്‍മ്മിക്കപ്പെട്ടത് പഴയ മരത്തടികള്‍ കൊണ്ടായിരുന്നു.
നിര്‍മ്മിക്കാനൊരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ കത്തിനശിച്ച ഷോപ്പുടമകള്‍ക്ക് പുതിയ ഷോപ്പ് നല്‍കാനും തീപിടിച്ച കടകള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാനും അധികൃതരോട് അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച പുലര്‍ച്ച 3.15ന് നടന്ന തീപിടിത്തത്തില്‍ ഫയര്‍ഫോഴ്‌സിന്റെ കൃത്യ സമയത്തുള്ള ഇടപെടലാണ് അധികം നാഷനഷ്ടമില്ലാതെ തീ അണക്കാന്‍ സഹായിച്ചത്. ആര്‍ക്കും പരിക്കില്ലെന്നതും ഏറെ ആശ്വാസമായിരുന്നു.