നാല് മിസൈലുകളില്‍ മൂന്നെണ്ണം യുഎഇ വിജയകരമായി പ്രതിരോധിച്ചു
അബൂദാബി: 30 ദിവസത്തെ ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ വീണ്ടും ഇറാന്‍ ആക്രമണം. ഇന്ന് വൈകുന്നേരമായിരുന്നു താമസക്കാർക്ക് ആദ്യ അലേർട്ട് വന്നത്. മണിക്കൂറിന് ശേഷം വീണ്ടും രണ്ടാമത്തെ അലേർട്ടും വന്നു. വൈകാതെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ആക്രമണത്തിന്‍റെ വിവരങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഖലീജ് ടൈംസാണ് വാർത്ത പുറത്ത് വിട്ടത്.
ഫുജൈറയിലെ എണ്ണ കേന്ദ്രത്തിലേക്കായിരുന്നു ഡ്രോണ്‍ ആക്രമണം നടന്നത്. ആക്രമണത്തോടെ തീ പിടിത്തമുണ്ടായതിനാല്‍ അധികൃതർ തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഹൊർമുസില്‍ ഇന്ന് യുഎഇയുടെ അഡ്നോക്ക് ടാങ്കറിന് നേരെ ഇറാന്‍റെ ഡ്രോണാക്രമണം ഉണ്ടായിരുന്നു. പിന്നാലെ രണ്ട് യുഎസ് കപ്പലുകള്‍ ഹോർമുസ് വിട്ട് കടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണത്തെ കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.