കൊച്ചി: ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച്ച നടന്ന താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പരസ്പര പോരടിച്ച് താരങ്ങള്‍. പിന്നാലെ അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ട് പാസാക്കാനാവതെ ഭരണ സമിതി. മുന്നോട്ട് പോവില്ലെന്ന് ഉറച്ചതോടെ പ്രസിഡണ്ട് ശ്വേതാ മേനോന്‍ ഉള്‍പ്പടെ 17 അംഗ ഭരണ സമിതി മുഴുവനും രാജിവെച്ചു.
അന്‍സിബയിലൂടെ പുറം കണ്ട പ്രശ്‌നങ്ങള്‍ ജനറല്‍ ബോഡിയില്‍ തീര്‍ക്കുമെന്നായിരുന്നു ഇതുവരെയുള്ള താരങ്ങളുടെ പ്രതികരണങ്ങള്‍. ജനറല്‍ ബോഡിയില്‍ അമ്മ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ അവതരിപ്പിച്ച വരവ് ചിലവ് കണക്കുകകളില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി സീനിയര്‍ താരങ്ങള്‍ തന്നെ രംഗത്തെത്തി. നടന്‍ സിദ്ദീഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരാണ് കണക്കില്‍ വ്യക്തതയില്ലെന്ന് ആദ്യം ചൂണ്ടിക്കാട്ടിയത്. ഇതോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നു. കണക്കില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നും ഒരു കാരണവശാലും റിപ്പോര്‍ട്ട് സമര്‍പ്പിക്കന്‍ സാധിക്കില്ലെന്നും മുതിര്‍ന്ന അംഗവും സംവിധായകനും നടനുമായി രഞ്ജിപണിക്കര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പഠിക്കാന്‍ 45 ദിവസത്തെ അനുമതി തേടിയ പ്രസിഡണ്ടിനെ വീണ്ടും എതിര്‍ത്ത് ചില അംഗങ്ങള്‍ രംഗത്തെത്തി. ഇതോടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിയിലായതോടെയാണ് അംഗങ്ങള്‍ രാജിയിലേക്ക് നീങ്ങിയത്. താരങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ മുറുകിയതോടെ മുന്‍ പ്രസിഡണ്ട് നിലപാട് സ്വീകരിക്കണമെന്ന് ഗണേഷ് കുമാര്‍ വ്യക്തമാക്കി. അതോടെ മൈക്കിന് മുന്നിലെത്തിയ മോഹന്‍ലാല്‍ വൈകരികമായാണ് പ്രതികരിച്ചത്. അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടെങ്കിലും സംഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
നിലവില്‍ സംഘടനയുടെ ഭരണം ഒരു താത്കാലിക സമിതിക്ക് നല്‍കാനാണ് സാധ്യത. ശക്തമായ ഭരണമാറ്റത്തിനാണ് സാധ്യതയുള്ളത്. പുതിയ ഭരണം വന്നതിന് ശേഷമായിരിക്കും അന്‍സിബ അവതരിപ്പിച്ച ആരോപണമടക്കം അന്വേഷണത്തിന് വിധേയമാക്കുക.