അര്ജന്റീന: ലോകം ഉറ്റു നോക്കിയ ബ്രസീല്‍-അര്‍ജന്‍റീന ക്ലാസിക്കല്‍ ഫുട്‌ബോള്‍ മാച്ചില്‍ ഒരിക്കല്‍ കൂടി ദയനീയ തോല്‍വി ഏറ്റുവാങ്ങി ബ്രസീല്‍. 2026 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കാനറികളുടെ വലയിലേക്ക് നാല് തവണയാണ് മെസ്സിയില്ലാത്ത അര്‍ജന്‍റീന പന്ത് അടിച്ചു കയറ്റിയത്. കളി അവസാനിക്കും മുമ്പ് ഒരു ഗോള്‍ നേടാനായത് ആശ്വാസവും നാണക്കേടിന്‍റെ ആഴം കുറക്കാനായി. എന്നാലും അഞ്ച് വര്‍ഷമായി ദുശ്ശകുനം പോലെ വേട്ടയാടുന്ന അര്‍ജന്‍റീനയുടെ തോല്‍വി തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
മെസ്സിയുടെ അഭാവത്തിലായിരുന്നു അര്‍ജിന്‍റീന കളത്തിലിറങ്ങിയത്. ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിരുന്നെങ്കിലും പരുക്കിനെ തുടര്‍ന്ന് പിന്നീട് ഒഴിവാകുകയായിരുന്നു. ലീഗ് മത്സരത്തിലായിരുന്നു മെസ്സിക്ക് പരിക്ക് പറ്റിയത്.
മത്സരം ആരംഭിച്ച് ആദ്യ പകുതിയില്‍ തന്നെ സര്‍വ്വാധിപത്യം നേടിയായിരുന്നു അര്‍ജന്‍റീനയുടെ കുതിപ്പ്. ഒരിക്കല്‍ പോലും അര്‍ജന്‍റീനയ്ക്കെതിരെ മേല്‍ക്കോയ്മ നേടാന്‍ ബ്രസീലിന് സാധിച്ചിരുന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ബ്രസീല്‍ വലയിലേക്ക് മൂന്ന് തവണയാണ് അവര്‍ പന്ത് അടിച്ചു കയറ്റിയത്. നാലാം മിനുറ്റില്‍ ജൂലിയന്‍ അല്‍വാരസായിരുന്നു ആദ്യ ലീഡ് നേടിക്കൊടുത്തത്.
എട്ട് മിനുറ്റുകള്‍ക്ക് ശേഷം എന്‍സോ ഫെര്‍ണാണ്ടസും 37ാം മിനുറ്റില്‍ അലക്‌സിസ് മാക് അലിസറ്റര്‍ മൂന്നാം ഗോളും സ്‌കോര്‍ ചെയ്തു. ആദ്യ പകുതിക്കുള്ള വിസില്‍ മുഴങ്ങും മുമ്പ് മാത്യൂസ് കുന്‍ഹയിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തിരുന്നു.
രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഗുയിലിയാനോ സിമിയോണിയുടെ വകയായിരുന്നു അര്‍ജന്‍റീനയ്ക്കുള്ള നാലാം ഗോള്‍.
നിലവില്‍ പോയിന്‍റ് പട്ടികയില്‍ 10 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും ഉള്‍പ്പടെ 31 പോയിന്‍റുമായി മെസ്സിപ്പട ഒന്നാം സ്ഥാനത്താണ്. ആറ് ജയവും മൂന്ന് സമനിലയും ഉള്‍പ്പടെ 21 പോയിന്‍റുമായി ബ്രസീല്‍ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.