മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാന്‍ നേതാവുമായ ബാബാ സിദ്ദീഖിയുടെ മരണം മുംബൈ പോലീസ് അന്വേഷണ സംഘത്തിന് തലവേദനയാവുകയാണ്. ശനിയാഴ്ച്ച രാത്രി ഒന്‍പതരയോടെയാണ് ബാന്ദ്ര ഈസ്റ്റിലെ മകന്‍റെ ഓഫീസിന് മുന്നില്‍ മൂന്നംഗ സംഘം നിറയൊഴിച്ചത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷണം വിരല്‍ ചൂണ്ടുന്നത് കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘാംഗങ്ങളാണ്. പക്ഷേ ഗുജറാത്തിലെ സബര്‍മതിതി ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയ് എങ്ങനെയാണ് ഇപ്പോഴും ഇതിന് നേതൃത്വം നല്‍കുന്നതെന്ന് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇയാളുടെ കൂട്ടാളികളില്‍ പെട്ടവരാണ് കൊലപാതകം നടത്തിയെതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലപാതകത്തിന്‍റെ കാരണം സല്‍മാന്‍ ഖാനുമായി ബാബാ സിദ്ദീഖിക്കിക്കുള്ള ബന്ധമാണെന്നാണ് സംശയിക്കപ്പെടുന്നത്. ബോളിവുഡ് നടനായ സല്‍മാന്‍ ഖാനും ബിഷ്‌ണോയും തമ്മിലുള്ള പ്രശ്‌നം തുടങ്ങുന്നത് സല്‍മാന്‍ഖാന്‍റെ 1998ലെ കൃഷ്ണമൃഗ വേട്ടയിലൂടെയാണ്. ബിഷ്‌ണോയ് വിഭാഗത്തിന്‍റെ പുണ്യ മൃഗത്തെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് അന്ന് തന്നെ ലോറന്‍സ് പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഫലമായി ഒരു പ്രാവശ്യം ബാന്ദ്രയിലെ സല്‍മാന്‍ഖാന്‍റെ വീടിന് നേരെ ഇയാളുടെ സംഘം വെടിയുതിര്‍ത്തിരുന്നു.
ബാബാ സിദ്ദീഖിയും സല്‍മാന്‍ ഖാനും തമ്മിലുള്ള ബന്ധം വര്‍ഷങ്ങളായുള്ളതാണ്. ബാബാ സിദ്ദീഖി സംഘടിപ്പിക്കുന്ന ഇഫ്താറില്‍ സല്‍മാന്‍ ഖാന്‍ എല്ലാ വര്‍ഷവും പങ്കെടുക്കാറുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം സല്‍മാന്‍ ഖാന്‍റെ വീട്ടിലേക്കുള്ള സന്ദര്‍ശകർക്ക് പോലീസ് കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കുടംബം കടുത്ത ജാഗ്രതയിലാണ്.
ബാബാ സിദ്ദീഖി മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രമുഖനായ രാഷട്രീയ നേതാവായിരുന്നു. 1999,2004,2009 വര്‍ഷങ്ങളില്‍ തുടർച്ചയായി എം. എല്‍. എയായിരുന്നു. ഭക്ഷ്യ, സിവില്‍ സപ്ലൈസ്, തൊഴില്‍ സഹ മന്ത്രിയായും സേവനമനുഷ്ട്ടിച്ചിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്‍റെെ മരണത്തെ തുടർന്ന് എന്‍ സി പി തീരുമാനിച്ചിരുന്ന മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു. അതേ സമയം ലോറന്‍സ് ബിഷ്ണോയിന്‍റെ സ്വാധീനം ഇന്ത്യയുടെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടന്നത് ഏറെ ഭയപ്പെടുത്തുന്നുണ്ട്. വിദേശത്തും ഇയാള്‍ക്ക് ഗുണ്ടാ ബന്ധമുണ്ടെന്നാണ് പോലീസ് നിഗമനം.