കൊല്‍ക്കത്ത: തെരെഞ്ഞെടുപ്പ് ഫലം വന്ന് വന്‍ ഭൂരിപക്ഷത്തോട് ബിജെപി ജയിച്ച ബംഗാളില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. താന്‍ രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. രാജ്ഭവനിലേക്ക് പോയി രാജിക്കത്ത് സമര്‍പ്പിക്കില്ല, ബിജെപി ശരിയായ രൂപത്തില്‍ നേടിയ വിജയവുമല്ല. പോളിങ് ബൂത്തില്‍ ഞാന്‍ ശരിക്കും ആക്രമിക്കപ്പെട്ടു. ഒരു സ്ത്രീ നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ നേരിട്ടു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നും എന്നെ പുറത്താക്കി. തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തിയായ കളികളിച്ചാണ് ഞങ്ങളെ തോല്‍പ്പിച്ചതെന്നും അവര്‍ ആരോപിച്ചു.
എന്‍റെ മുഖ്യ ശത്രു ബിജെപിയല്ല തെരെഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മമത ആവര്‍ത്തിച്ച് പറഞ്ഞു. ഇന്നലെ തെരെഞ്ഞെടുപ്പ് മത്സര ഫലം പുറത്ത് വന്നപ്പോള്‍ ആകെയുള്ള 294 സീറ്റില്‍ 80 സീറ്റ് മാത്രമാണ് തൃണമൂലിന് നേടാനായത്. 207 സീറ്റ് നേടി വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു ബിജെപി ജയം സ്വന്തമാക്കിയത്. സ്വന്തം മണ്ഡലത്തില്‍ ബിജെപിയിലെ സുവേന്ദു അധികാരിയോട് 15000 മുകളില്‍ വോട്ടിന്‍റെ വ്യത്യാസത്തിലാണ് മമത പരാജയപ്പെട്ടത്.
തെരെഞ്ഞെടുപ്പ് കഴിഞ്ഞ് സ്‌ട്രോങ് റൂമടക്കം തുറന്നത് പോലെ ചില പരാതികള്‍ ബംഗാളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഫലം വരുന്നത് വരെ ഇവിഎമ്മിന് കാവലിരിക്കണമെന്ന് മമത പ്രവര്‍ത്തകരോട് ആഞ്ജാപിക്കുകയും ചെയ്തിരുന്നു.