കൊച്ചി: ദ്വയാര്‍ത്ഥം വരുന്ന പദമുപയോഗിച്ചതടക്കം ലൈംഗീകാധിക്ഷേപങ്ങള്‍ നടത്തിയെന്ന പേരില്‍ പ്രമുഖ വ്യവസായി ബോബിചെമ്മണ്ണൂരിനെ അതീവ രഹസ്യ നീക്കത്തിനൊടുവില്‍ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. നടി ഹണി റോസിന്‍റെ പരാതിയിലാണ് അറസ്റ്റ്. കണ്ണൂരിലെ ആലക്കോട് ബോബി ചെമ്മണ്ണൂരിന്‍റെ കീഴിലുള്ള ജ്വല്ലറി ഉദ്ഘാടന സമയത്തടക്കം പല സന്ദര്‍ഭങ്ങളിലും താന്‍ ഇദ്ദേഹത്തില്‍ നിന്ന് ലൈംഗീക അധിക്ഷേപം നേരിട്ടുവെന്നായിരുന്നു നടിയുടെ പരാതി. നിലവില്‍ ബിഎന്‍എസിലെ 75, ഐടി ആക്ടിലെ 67 വകുപ്പുകളാണ് ബോബി ചെമ്മണ്ണൂരിന്‍റെ മേല്‍ ചുമത്തിയിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ പൂര്‍ണ്ണമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ചേര്‍ക്കുള്ളു.
അതീവ രഹസ്യമായിരുന്നു അറസ്റ്റ്. വയനാടിലെ അദ്ദേഹത്തിന്‍റെ കീഴിലുള്ള എസ്‌റ്റേറ്റില്‍ വെച്ചായിരുന്നു അറസ്റ്റ്. കൊച്ചി സിറ്റി പോലീസ് കമ്മിഷണറുടെ നേരിട്ടുള്ള അന്വേഷണ സംഘം വയനാട് എസ് പി തപോഷ് ബസുമതാരിയുടെ സഹായത്തോടെയാണ് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്. 1000 ഏക്കര്‍ എന്ന തേയില എസ്റ്റേറ്റ് ഉള്‍ക്കൊള്ളുന്ന പരിധിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിയുന്നത് വളരെ വൈകിയാണ്.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെച്ച് രാത്രിയോടെ അദ്ദേഹത്തിന്‍റെ വൈദ്യ പരിശോധന പൂര്‍ത്തിയായി. നാളെ കോടതിയില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യം ചെയ്യാന്‍ വേണ്ടി പോലീസ് ആവശ്യപ്പെടും. ജാമ്യമില്ലാ വകുപ്പിലാണ് നിലവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. അതേ സമയം അന്വേഷണ സംഘത്തിന്‍റെ മുന്നില്‍ രണ്ട് മണിക്കൂറാണ് നടി ഹണി റോസ് മൊഴി നല്‍കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളു.