കാലിഫോർണിയയില്‍ ഗവർണ്ണർ ഗാവിന്‍ ന്യൂസണ്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ലോസ് ആഞ്ചലാസ്: അമേരിക്കയിലെ ലോസ് ആഞ്ചലാസില്‍ കാട്ടുതീയുടെ വിളയാട്ടം തുടരുന്നു. ലക്ഷക്കണക്കിന് കുടുംബങ്ങളാണ് ഇരുട്ടിലായിരിക്കുന്നത്. ഒന്നര ലക്ഷത്തോളം പേരെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണ സംഖ്യ ഇനിയും കൂടിയേക്കും. ആയിരം കെട്ടിടങ്ങള്‍ നശിച്ചു. അമേരിക്കയിലെ പ്രധാന ഇടങ്ങളായ ഓസ്‌ക്കര്‍ അവാര്‍ഡ് വേദി ഡോള്‍ബി തിയേറ്ററും ഹോളിവുഡ് ഹില്‍സും നാസയുടെ റോബോട്ടിങ് മേല്‍നോട്ടം വഹിക്കുന്ന ജെറ്റ് പ്രാപല്‍ഷ്യന്‍ ലബോററ്ററിയും അടക്കം ഭീഷണി നേരിടുന്നുണ്ട്. ഇവിടെയുള്ള മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു. കാലിഫോര്‍ണിയയില്‍ മാത്രം 17 ദശലക്ഷം പേരാണ് താമസിക്കുന്നത്, അന്തരീക്ഷത്തിലെ പുക വ്യാപനം ഇവരുടെ ജീവന് ഭീഷണിയാവാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലിഫോര്‍ണിയയില്‍ ഗവര്‍ണ്ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
അതി ശക്തമായ കാട്ടു തീ വ്യാപനത്തെ തുടര്‍ന്ന് ജനുവരി 17ന് നടത്താനിരുന്ന 97ാമത് അക്കാദമി അവാര്‍ഡുകളുടെ നോമിനേഷന്‍ മാറ്റി വെച്ചു. ഓസ്‌ക്കര്‍ നോമിനേഷനുള്ള തീയ്യതിക്കും മാറ്റം നല്‍കി.
കാട്ടു തീ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിനെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനെയും കാലിഫോര്‍ണിയ ഗവര്‍ണ്ണര്‍ ഗാവിന്‍ ന്യൂസണെയും നിയുക്ത പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ശക്തമായി വിമര്‍ശിച്ചു.