ന്യൂഡല്‍ഹി: ഭരണഘടന ആമുഖത്തിലെ സോഷ്യലിസം, മേതതരത്വം എന്നീ വാക്കുകള്‍ മാറ്റണമെന്ന് ആര്‍ എസ് എസ്. അടിയന്തിരാവസ്ഥയുടെ 50 വര്‍ഷങ്ങളെ കുറിച്ച് ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് ഈ വിവാദ പരാമര്‍ശം. ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയാണ് ഈ കാര്യം ആവശ്യപ്പെട്ടത്.
അംബേദ്ക്കര്‍ വിഭാവനം ചെയ്ത ഭരണഘടനയില്‍ ഈ വാക്കുകളുണ്ടായിരുന്നില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് കോണ്‍ഗ്രസാണ് ഭരണഘടനയില്‍ ഈ വാക്കുകള്‍ കൂട്ടിച്ചേര്‍ത്തതെന്നും അദ്ദേഹം അവകാശപ്പെട്ടു. അത് കൊണ്ട് ഈ രണ്ടു വാക്കുകള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍ എസ് എസിന്‍റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചു. ഭരണഘടനയെ തൊട്ടു കളിച്ചാല്‍ എന്ത് വില കൊടുത്തും പോരാടുമെന്നും ഭരണഘടന സംരക്ഷിക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാവപ്പെട്ടവന്‍റെ മുന്നേറ്റത്തെ തടയിടാനാണ് ആര്‍ എസ് എസിന്‍റെ ശ്രമമെന്നും സവര്‍ണ്ണ ഹിന്ദു മേധാവിത്വം ഉറപ്പിക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ എസ് എസ് എപ്പോഴും ദരിദ്രര്‍ക്കും, പിന്നോക്കക്കാര്‍ക്കും, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്കും എതിരാണ്. അവര്‍ക്ക് താത്പര്യമുണ്ടേല്‍ ആദ്യം മതത്തിലെ തൊട്ട് കൂടായ്മ നീക്കം ചെയ്യട്ടെ എന്നും ഖാര്‍ഗെ പറഞ്ഞു.
ഭരണഘടന കത്തിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് ആര്‍ എസ് എസ് എന്നും മതത്തെ ഭരണഘടനയിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
2024ലും സമാനമായ ആവശ്യം കോടതിയില്‍ വന്നിരുന്നുവെങ്കിലും സുപ്രീം കോടതി ആ ഹരജി തള്ളിയിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതായിരുന്നു വിധി.