കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ കായിക താരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സ്‌പോര്‍ട്ടിക്കോ പുറത്തു വിട്ട പട്ടികയിലാണ് അദ്ദേഹം വീണ്ടും ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. 260 മില്യണ്‍ ഡോളറാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. അല്‍ നാസറുമായുള്ള കരാറിലാണ് ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്‍ നാസര്‍ ക്ലബ്ബില്‍ നിന്ന് 215 മില്യണ്‍ ഡോളറും ഓഫ് ഫീല്‍ഡ് എന്‍ഡോഴ്‌സ്‌മെന്‍റില്‍ നിന്ന് 45 മില്യണ്‍ ഡോളറുമാണ് അദ്ദേഹത്തിന്‍റെ വരുമാനം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് റൊണാള്‍ഡോ ഈ സ്ഥാനം നേടുന്നത്.
അര്‍ജന്‍റീന്‍ താരം ലയണല്‍ മെസ്സി പട്ടികയില്‍ നാലാം സ്ഥാനത്താണ്. 152 മില്യണ്‍ ഡോളറുമായി ഗോള്‍ഡന്‍ വാരിയേഴ്‌സ് സ്റ്റാര്‍ പോയിന്‍റ് ഗാര്‍ഡ് സ്റ്റീഫന്‍ കറി രണ്ടാം സ്ഥാനത്തും 147 മില്യണുമായി ബോക്‌സിംഗ് താരം ടൈസണ്‍ ഫ്യൂറി മൂന്നാം സ്ഥാനത്തുമാണ്.
ബ്രസീല്‍ താരം നെയ്മര്‍, ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സേമ, കിലിയന്‍ എംബാപ്പെ തുടങ്ങിയവരും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. അല്‍ നാസർ ക്ലബ്ബുമായി കരാര്‍ പുതുക്കാന്‍ റൊണാള്‍ഡോ തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.