ന്യൂഡല്‍ഹി: രാജ്യസഭാദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കറും തൃണമൂല്‍ കോണ്‍ഗ്രസ് എം. പി. ജയാ ബച്ചനും തമ്മിലുള്ള വാക്ക് തര്‍ക്കം അവസാനം സഭാദ്ധ്യക്ഷനെതിരെയുള്ള ഇംപീച്ച്‌മെന്‍റ് ശ്രമത്തിലേക്ക് നീങ്ങി. ജയയ്‌ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷം ഇംപീച്ച്‌മെന്‍റിനുള്ള പ്രമേയത്തില്‍ ഒപ്പ് വയക്കാന്‍ ആരംഭിച്ചു. അടുത്ത രാജ്യസഭാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചേക്കും. നിയമ സാധുത നിലനില്‍ക്കാത്ത പക്ഷം ഈ സഭാ സമ്മേളനത്തില്‍ അതിന് സാധ്യതയില്ല.
ചര്‍ച്ചയ്‌ക്ക് ക്ഷണിക്കും നേരം സഭാദ്ധ്യക്ഷന്‍ ജയാ ബച്ചനെ, ‘ജയാ അമിതാബ് ഭച്ചന്‍’ എന്ന് അഭിസംബോധനം ചെയ്‌തത് മുതലാണ് പ്രശ്‌നം തുടങ്ങിയത്. തന്നെ അസ്വീകാര്യമായ ഭാഷയില്‍ അഭിസംബോധനം ചെയ്‌തുവെന്നും നിങ്ങളുടെ സംസാര രീതി ശരിയല്ലെന്നും പറഞ്ഞ് തുടങ്ങിയ വാക്ക് തര്‍ക്കം മാപ്പ് പറയണമെന്ന വാശിയില്‍ ജയാ ബച്ചന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. നിങ്ങള്‍ സെലബ്രിറ്റിയാവാം, പക്ഷേ സഭാ ചട്ടങ്ങള്‍ പാലിക്കണമെന്ന് അദ്ധ്യക്ഷനും പറഞ്ഞു. ഇതോടെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം ബഹളം വെച്ചു.
പല സമയത്തും പ്രതിപക്ഷ എം പിമാര്‍ക്കെതിരെ വേര്‍തിരിവ് അദ്ധ്യക്ഷന്‍ കാട്ടുന്നുവെന്നും സംസാരം പോലും ചില സമയങ്ങളില്‍ നിഷേധിക്കുന്നുവെന്നും കോണ്‍ഗ്രസ് മുതിര്‍ന്ന എം. പി. ജയറാം രമേശും ആരോപിച്ചു.
അതേ സമയം ജയാ ബച്ചന്‍റെ പരാമര്‍ശത്തിനെതിരെ ബി. ജെ. പി. അദ്ധ്യക്ഷന്‍ ജെ. പി. നഡ്ഡയും പ്രമേയം അവതരിപ്പിച്ചു.