തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമാവുന്ന ഉഷ്ണ കാലാവസ്ഥയില്‍ തൊഴിലാളികളുടെ ജോലി സമയങ്ങളില്‍ പുനക്രമീകരണം പ്രഖ്യാപിച്ച് ലേബർ കമ്മീഷണർ. ഉച്ച സമയങ്ങളില്‍ ജോലി സ്ഥലത്തുണ്ടാവുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് ലേബര്‍ കമ്മീഷണർ ഉത്തരവില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി.
ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് തൊഴില്‍ സമയത്തില്‍ നിയന്ത്രണമുണ്ടാവുക. രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം ഏഴ് മണിവരെ വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി ജോലി സമയം ക്രമീകരിച്ചു. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റില്‍ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷം വൈകുന്നേരം മൂന്ന് മണിക്ക് പുനരാരംഭിക്കുന്ന തരത്തിലും ക്രമീകരണം നടത്തിയതായി ഉത്തരവില്‍ വ്യക്തമാക്കി.
സമുദ്ര നിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത ഭാഗങ്ങളിലുള്ളവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. പുനര്‍നിശ്ചയിക്കപ്പെട്ട തൊഴില്‍ സമയം അനുസരിച്ചാണോ തൊഴിലാളിള്‍ ജോലിചെയ്യുന്നതതെന്ന നിരീക്ഷിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്.