ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ജയിക്കണമെന്ന മനോവീര്യത്തോടെ ഇറങ്ങിയ ബംഗ്ലേദശിന് വീണ്ടും അടിതെറ്റി. പവര്‍ പ്ലേയില്‍ ആദ്യമായി മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ടെങ്കിലും നിതീഷ് റെഡ്ഡിയുടെയും റിങ്കുസിംഗിന്‍റെയും തകര്‍പ്പന്‍ വെടിക്കെട്ടില്‍ ബംഗ്ലാദേശിന്‍റെ ആത്മവിശ്വാസം മുഴുവനും ചോരുകയായിരുന്നു. ആദ്യമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ 200 കടന്ന് സ്‌കോര്‍ ചെയ്തു. 86 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലായി. നിതീഷ് റെഡ്ഡിയുടെ ഓള്‍റൗണ്ട് പ്രകടനമാണ് ഇന്ത്യയെ മികച്ച വിജയത്തിലേക്കെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പവര്‍ പ്ലേയില്‍ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മികച്ച് ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ എന്നിവരായിരുന്നു 40 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുമ്പോഴേക്കും ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തിയത്. ഏറെ പ്രതീക്ഷയോടെ പിന്നീട് ബോളെറിയാന്‍ വന്നവര്‍ക്ക് നിതീഷ് റെഡ്ഡി തനി സ്വരൂപം കാട്ടിക്കൊടുത്തു. സാവധാനം ആരംഭിച്ച ബാറ്റിംഗില്‍ പിന്നീട് അടിക്കടി ആക്രമണം കാട്ടുകയായിരുന്നു. കരിയറിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കാന്‍ 27 പന്തേ വേണ്ടി വന്നുള്ളു. അവസാനം വിക്കറ്റ് തെറിക്കുമ്പോള്‍ 34 പന്തില്‍ ഏഴ് സിക്‌സറുകളുടെ അകമ്പടിയോടെ 74 റണ്‍സെടുത്തിരുന്നു. മറുവശത്ത് റിങ്കു സിംഗും ഗൗരവം കുറച്ചില്ല. 29 പന്തില്‍ അഞ്ച് സിക്‌സറുകളോടെ 53 റണ്‍സെടുത്താണ് മടങ്ങിയത്. തുടര്‍ന്ന് വന്ന ഹര്‍ദിക്ക് 19 പന്തില്‍ 32 റണ്‍സും റിയാന്‍ പരാഗ് ആറ് പന്തില്‍ 15 റണ്‍സും അടിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 200 കടക്കുകയായിരുന്നു.
മറപുടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വിരിഞ്ഞു മുറുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ബംഗ്ലാദേശിന് 135 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. അവസാന ട്വന്‍റി മത്സരം കളിക്കുന്ന മഹ്മൂദുല്ലയായിരുന്നു ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറര്‍. 39 പന്തില്‍ നിന്ന് 41 റണ്‍സായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി നിതീഷ് റെഡ്ഡി എന്നിവർ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഓള്‍റൗണ്ട് പ്രകടനം കാഴ്ച്ചവെച്ച നിതീഷ് റെഡ്ഡിയാണ് കളിയിലെ താരം.
ഇതോടെ മൂന്ന് കളികളുള്ള പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലായി. ശനിയാഴ്ച്ചയാണ് ഇന്ത്യയും ബംഗ്ലാദേശുമുള്ള മൂന്നാം ട്വന്‍റി മത്സരം.