ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശക്തമായി രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ. ഇതിനുള്ള പദ്ധതി ആവിഷ്‌കരിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും സൈന്യത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി പ്രധാനമന്ത്രി. ആക്രമണത്തിനുള്ള രീതികളും സമയവും സൈന്യത്തിന് തീരുമാനിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പ്രത്യേക യോഗത്തിലാണ് പ്രധാനമന്ത്രി പ്രത്യേക അനുവാദം നല്‍കിയിരിക്കുന്നത്.
കൂടിക്കാഴ്ച്ചയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കര-വ്യോമ-നാവിക സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ എന്നിവര്‍ പങ്കെടുത്തു. ഭീകരവാദത്തിനെതിരെ ശക്തമായി നിലകൊള്ളുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അതിന് സൈന്യത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യോഗത്തിന് ശേഷം ആഭ്യന്തരമന്ത്രി അമിത്ഷാ പ്രധാനമന്ത്രിയുടെ വസതയിലെത്തി. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. നാളെ 11 മണിക്ക് കേന്ദ്രമന്ത്രിസഭയുടെ നിര്‍ണ്ണായക ക്യാബിനറ്റ് നടക്കും. ഇന്നെടുത്ത തീരുമാനം കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കും.
ഏപ്രില്‍ 22നായിരുന്ന പഹല്‍ഗമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിർത്തത്. 26 പേരായിരുന്നു ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്.