ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍.
ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും വേഗമേറിയ സെഞ്ചുറി.
ജയ്പൂര്‍: രാജസ്ഥാനിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അര്‍ദ്ധ രാത്രിയിലും ഒരു സൂര്യന്‍ ജ്വലിച്ചു നിന്നു. വൈഭവ് സൂര്യവന്‍ശി, ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ബോളര്‍മാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത രാവ് സമ്മാനിച്ചാണ് പതിനാലുകാരന്‍റെ അഴിഞ്ഞാട്ടത്തിന് ഐപിഎല്‍ വേദി സാക്ഷിയായത്. 35 പന്തില്‍ തന്‍റെ കന്നി സെഞ്ചുറി നേടുമ്പോള്‍ റെക്കോർഡുകള്‍ പലതും ആ പതിനാലുകാരനെ തേടിയെത്തി. ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ നേടുന്ന സെഞ്ചുറി..ഐ പി എല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറി, ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, അത് സാക്ഷാല്‍ ഗൈലിന് തൊട്ട് പിന്നില്‍. ശകുനം വിട്ടുമാറാത്ത രാജസ്ഥാന് ഇതോടെ എട്ട് വിക്കറ്റ് ജയവും നേടി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 209 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 15 ഓവര്‍ മാത്രമേ വേണ്ടി വന്നുള്ളു. സൂര്യൻശിയും യശസ്വി ജയ്‌സ്വാളും തകര്‍ത്താടിയ മത്സരത്തില്‍ രണ്ട് വിക്കറ്റ മാത്രമേ രാജസ്ഥാന് നഷ്ടമായുള്ളു.
38 പന്തില്‍ 11 സിക്‌സും 7 ഫോറുമുള്‍പ്പടെയായിരുന്നു വൈഭവിന്‍റെ 101 റണ്‍സ്. കരീം ജനാത്ത എറിഞ്ഞ പത്താം ഓവറില്‍ വൈഭവ് അടിച്ചു കൂട്ടിയത് 30 റണ്‍സായിരുന്നു. മൂന്ന് ഫോറും മൂന്ന് സിക്‌സും. മറുവശത്ത് ജയ്‌സ്വാളിന് അധികം വിയര്‍ക്കേണ്ടി വന്നില്ല. വൈഭവ് മടങ്ങുമ്പോള്‍ ഒന്നാം വിക്കറ്റില്‍ ഇരുവരും അടിച്ചു കൂട്ടിയത് 71 പന്തില്‍ 166 റണ്‍സായിരുന്നു.
ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്ലും ജോസ് ബട്‌ലറും അര്‍ദ്ധ സെഞ്ചുറി നേടി. ശുഭ്മാന്‍ ഗില്‍ 50 പന്തില്‍ 84 റണ്‍സും ജോസ് ബട്‌ലര്‍ 26 പന്തില്‍ 50 റണ്‍സും സ്വന്തമാക്കി.