ആദ്യ ദിവസം 100 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടുമെന്ന് ധാരണ.
വാഷിങ്ടണ്‍: അമേരിക്കയുടെ 47ാം പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കടുത്ത ശൈത്യം കാരണം തുറന്ന വേദി ഒഴിവാക്കി അതി പ്രശസ്തമായ ക്യാപിറ്റള്‍ മന്ദിരത്തിലായിരുന്നു ട്രംപിന്‍റെ രണ്ടാമൂഴത്തിലുള്ള സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ലോക രാജ്യങ്ങളില്‍ നിന്നുള്ള വിവിധ പ്രതിനിധികള്‍ ചടങ്ങിന് സാക്ഷിയായി.
1861ല്‍ സത്യപ്രതിജ്ഞയ്ക്ക് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും 1955ല്‍ തന്‍റെ അമ്മ സമ്മാനിച്ച ബൈബിളും പിടിച്ചായിരുന്നു അദ്ദേഹം സത്യവാചകം ചൊല്ലിയത്. ജോബൈഡനും ഭാര്യ ജില്‍ ബൈഡനും വൈറ്റ് ഹൗസിലൊരുക്കിയ ചായ സല്‍ക്കാരത്തിന് ശേഷം നേരെ എപ്പിസ്‌കോപ്പല്‍ പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്നായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ആദ്യം വൈസ് പ്രസിഡണ്ടായി ജെ ഡി വാന്‍സാണ് സത്യപ്രതിജ്ഞ ചൊല്ലിയത്.
അധികാരമേറ്റയുടനെ ആദ്യം ദിനം തന്നെ 100 എക്‌സിക്യൂട്ടീവ് തീരുമാനങ്ങളില്‍ ഒപ്പുവെക്കുമെന്നാണ് ധാരണ. ആദ്യ പ്രസംഗത്തില്‍ തന്നെ ചില കടുത്ത തീരുമാനങ്ങളാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഇനി ആണോ പെണ്ണോ മാത്രം മതി, ട്രാന്‍സ്‌ജെണ്ടറുകള്‍ക്ക് രേഖയില്‍ ഇടമില്ല, പാനമ കനാല്‍ തിരിച്ച് പിടിക്കും, മെക്‌സിക്കന്‍ ഉള്‍ക്കടലിന് അമേരിക്കന്‍ ഉള്‍ക്കടലായി പേര്മാറ്റും, വിദേശികള്‍ക്കുള്ള പൗരത്വം നിര്‍ത്തലാക്കും, അനധികൃതമായി രാജ്യത്ത് കയറിക്കൂടിയവരെ പുറത്താക്കും, തെക്കന്‍ അതിര്‍ത്ഥിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു തുടങ്ങിയ അതിപ്രധാനമായ പ്രഖ്യാപനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ഇന്ന് രാജ്യത്തിന്‍റെ ലിബറേഷന്‍ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കറുത്ത വര്‍ഗക്കാര്‍ക്ക് അടക്കം മുഴുവന്‍ അമേരിക്കന്‍ പൗരന്മാര്‍ക്കും തന്നെ തെരെഞ്ഞെടുത്തതില്‍ അദ്ദേഹം നന്ദിയറിയിച്ചു.
ചടങ്ങില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, അര്‍ജന്‍റീന പ്രസിഡണ്ട് ഹാവിയര്‍ മിലി, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബസോസ്, സുക്കര്‍ബര്‍ഗ്, സുന്ദര്‍പിച്ചെ, ഇലോണ്‍മസ്‌ക്, ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി ഭാര്യ നിത അംബാനി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യന്‍ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങിന്‍റെ ഭാഗമായി. റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമർ പുട്ടിന് ചടങ്ങിലേക്ക് ക്ഷണിമുണ്ടായില്ല.