മുംബൈ: ”ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. വെള്ള ജേഴ്‌സിയില്‍ രാജ്യത്തിന് പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇതുവരെ വര്‍ഷങ്ങളോളം നിങ്ങള്‍ തന്ന സ്‌നേഹത്തിനും സഹകരണത്തിനും അതിയായ കൃതജ്ഞത. ഏകദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു ഇനിയുമുണ്ടാവും” ഇന്ന് സോഷ്യല്‍ മീഡിയയില്‍ രോഹിത് ശര്‍മ്മ പോസ്റ്റിയ വരികളാണിത്. ഇതോടെ ഒരു യുഗത്തിന് അന്ത്യം കുറിച്ചിരിക്കുന്നു. ഇനി വെള്ള ജേഴ്‌സിയില്‍ രോഹിത് ഉണ്ടാവില്ല.
2024-25 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത് പോയതിന് രോഹിതിന് ഏറെ വിമര്‍ശനം നേടിരടേണ്ടി വന്നിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ഇന്ത്യ 3-1ന് പരമ്പര നഷ്ടപ്പെട്ടിരുന്നു. തുടര്‍ച്ചയായ നിറം മങ്ങലും രോഹിതിനെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന മത്സരത്തിലായിരുന്നു രോഹിത് അവസാനമായി കളിച്ചത്.
ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ പുതിയ ക്യാപ്റ്റന് കീഴിലായിരിക്കും ഇറങ്ങുക. ആരാണ് പകരക്കാരനെന്ന് സെലക്ഷന്‍ ബോര്‍ഡ് വൈകാതെ വെളിപ്പെടുത്തും.
67 മത്സരങ്ങളില്‍ നിന്ന് 12 സെഞ്ചുറികളും 18 അര്‍ദ്ധ സെഞ്ചുറികളുമുള്‍പ്പടെ 4301 റണ്‍സാണ് ടെസ്റ്റ് കരിയറിലെ രോഹിതിന്‍റെ സമ്പാദ്യം. 2013ല്‍ വെസ്റ്റിന്‍ഡീസിനെതിരെ കോല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് താരത്തിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സില്‍ 177 റണ്‍സടിച്ച് കളിയിലെ താരവുമായി. ഇന്ത്യക്ക് വേണ്ടി 24 ടെസ്റ്റുകളില്‍ ടീമിനെ നയിച്ചു. 12 വിജയവും 9 തോല്‍വിയുമാണ് തന്‍റെ ക്യാപ്റ്റന്‍സിയില്‍ രാജ്യം സ്വന്തമാക്കിയത്.