കൊച്ചി: കേരളത്തിലെ ഏറ്റവും പ്രമാദമായ കേസുകളിലൊന്നായ കണ്ണൂര്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി. പി. എം. കണ്ണൂർ ജില്ലാ മുന്‍ സെക്രട്ടറി പി. ജയരാജനും മുന്‍ എം. എല്‍. എ. ടി. വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹരജി സി. ബി. ഐ. കോടതി തള്ളി. ഇരുവരും സി ബി ഐ കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. 2023ല്‍ സമര്‍പ്പിച്ച ഹരജിയാണ് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി ശബരീനാഥന്‍ തള്ളിയത്. വ്യക്തമായ തെളിവുകളും സാക്ഷികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിടുതല്‍ ഹരജി സ്വീകരിക്കാനും ഇളവ് നല്‍കാനും പ്രയാസമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍
2012ലായിരുന്നു ഷുക്കൂറിനെ സി. പി. എം. പ്രവര്‍ത്തകര്‍ തടങ്കലില്‍ വിചാരണ ചെയ്തു കൊലപ്പെടുത്തിയത്. പി ജയരാജന്‍റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നതായിരുന്നു ആരോപണം. അന്നേ ദിവസം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സാര്‍ത്ഥം പി ജയരാജനും ടി. വി. രാജേഷും റൂമെടുത്തിരുന്നെന്നും അവിടെ വെച്ചാണ് ഘൂടാലോചന നടന്നെതെന്നുമാണ് സി ബി ഐയുടെ വാദം. വാദത്തിന് ശക്തി പകരുന്ന സാക്ഷി മൊഴികളും ഫോണ്‍ കോള്‍ റെക്കോര്‍ഡുമുണ്ട്. മാത്രമല്ല കൊലപാതകത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ ആ റൂമില്‍ ഇവരോടൊപ്പമുണ്ടായിരുന്നുവെന്നതും തെളിഞ്ഞിരുന്നു. കേസില്‍ തങ്ങള്‍ക്കെതിരെ ഘൂടാലോചന കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ഇരുവരും ഹരജിയില്‍ വ്യക്തമാക്കിയിരുന്നത്.
ആദ്യം ലോക്കല്‍ പോലീസും തുടര്‍ന്ന് ക്രൈബ്രാഞ്ചും അന്വേഷിച്ച കേസില്‍ തൃപ്തനല്ലെന്ന് കാണിച്ച് ഷുക്കൂറിന്‍റെ മാതാവ് ആത്തിക്ക നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതി അന്വേഷണം സി ബി ഐക്ക് വിടാന്‍ ഉത്തരവ് നല്‍കിയത്.