വസതിയില്‍ നെതന്യാഹുവും കുടുംബവും ഉണ്ടായിരുന്നില്ല.
ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ജറുസലം: ഹമാസ് തലവന്‍ യഹ്യാ സിന്‍വാറിന്‍റെ കൊലപാതക സ്ഥിരീകരണം വന്നയുടനെ ഇസ്രയേലില്‍ ഹിസ്ബുല്ലയുടെ അപ്രതീക്ഷിത അക്രമണം. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ വസതിക്ക് മുന്നിലാണ് ഡ്രോണ്‍ ആക്രമണം നടന്നിരിക്കുന്നത്. നെതന്യാഹുവും ഭാര്യയും വസതിയിലുണ്ടായിരുന്നില്ല. മറ്റു ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേ സമയം ആക്രമണം നടന്നത് ലെബനാനില്‍ നിന്നാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് ഡ്രോണുകളാണ് ആക്രമത്തിനുപയോഗിച്ചതെന്നും ഒന്ന് വസതിയില്‍ വന്നിടിച്ചിട്ടുണ്ടെന്നും ബാക്കി രണ്ടെണ്ണം സൈന്യം വെടിവെച്ചിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.
ഹിസ്ബുല്ലയുടെ അത്യാധുനിക ആയുധങ്ങളിലൊന്നാവുമിതെന്ന് കരുതപ്പെടുന്നു. ഇസ്രയേലിന്‍റെ ഹെലികോപ്റ്ററിനെ മറികടന്ന് പോവുന്ന ഡ്രോണിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇസ്രയേല്‍ സൈന്യത്തെ പരിഹസിച്ചു പോവുന്ന ഹിസ്ബുല്ലയുടെ ഡ്രോണിന്‍റെ ചിത്രം ഇറാന്‍ മിലിറ്ററി അവരുടെ ഒഫീഷ്യല്‍ എക്‌സില്‍ അടിക്കുറിപ്പോടെ പങ്കുവെച്ചിട്ടുണ്ട്.
ഗാസയിലെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നടന്ന രണ്ട് ആക്രമണങ്ങളില്‍ 44 പേര്‍ കൊല്ലപ്പെട്ടു. അതേ സമയം 50ന് മുകളില്‍ റോക്കറ്റുകളാണ് ലബനനില്‍ നിന്ന് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു. തിരിച്ചുള്ള ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി കമാന്‍ഡറെ വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും ഹിസ്ബുല്ല ഇതിനോട് പ്രതികരിച്ചിട്ടില്ല.
‘ഹമാസ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു’ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ പ്രതികരണം. യഹ്യാ സിന്‍വാറിന്‍റെ മരണത്തിന് പിന്നാലെയാണ് ഇറാന്‍റെ പ്രതികരണം വന്നത്. വടക്കന്‍ ഗാസയില്‍ ഇസ്രേയേല്‍ നടത്തിയ ആക്രമണത്തിലായിരുന്നു ഹമാസ് തലവന്‍ വധിക്കപ്പെട്ടത്. ആക്രമണത്തിന്‍റെ വീഡിയോയും ചിത്രങ്ങളും ഐ.ഡി.എഫ്. പുറത്ത് വിട്ടിരുന്നു.