സോള്‍: അസര്‍ബൈജാന്‍ വിമാനപകടത്തിന്‍റെ നെടുക്കം വിട്ടുംമാറും മുമ്പ് വീണ്ടുമൊരു വിമാനപകടം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 181 യാത്രക്കാരുമായി തായ്‌ലന്‍ഡിലെ ബാംഗോക്കില്‍ നിന്ന് ഉയര്‍ന്ന ജെജു എയര്‍ലൈന്‍സിന്‍റെ വിമാനമാണ് ദക്ഷിണകൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ഇന്ന് രാവിലെ പ്രാദേശിക സമയം 9 മണിക്ക് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പെട്ടത്. വിമാനപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഞ്ച് ജീവനക്കാര്‍ ഉള്‍പ്പടെ 179 പേർ മരണപ്പെട്ടതായി പ്രാദേശിക ചാനല്‍ അറിയിച്ചു. രണ്ടു പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അതില്‍ ഒരാള്‍ വിമാന ജീവനക്കാരനും മറ്റൊരാള്‍ യാത്രക്കാരനുമാണ്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി
വിമാനപകടത്തിന്‍റെ പ്രാഥമിക കാരണം വ്യക്തമല്ല. ലാന്‍ഡിങ്ങിനിടെ പക്ഷിക്കൂട്ടം തട്ടിയതാണോ എന്നും സംശയിക്കപ്പെടുന്നു. ദൃശ്യത്തില്‍ വ്യക്തമാവുന്നത് ലാന്‍ഡിങ് സമയത്ത് ഗിയര്‍ മുഴുവനായും പുറത്ത് വന്നിരുന്നില്ല, അത് കൊണ്ട് തന്നെ വിമാനം നേരിട്ട് നിലത്ത് പതിഞ്ഞ് ടയറുകളിലല്ലാതെ മുന്നോട്ട് ചലിക്കുകയായിരുന്നു. ലാന്‍ഡിങ് വേഗതയില്‍ ടയറുകളില്ലാതെ മുന്നോട്ട് ചലിച്ച് റണ്‍വേയില്‍ നിന്ന് വിട്ട് മാറി അഗ്നി ഗോളമാവുകയായിരുന്നു.
ദക്ഷിണ കൊറിയ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാന ദുരന്തമാണിത്. അപകടം നടന്നയുടനെ രക്ഷാ പ്രവര്‍ത്തകരും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. സൗത്ത് കൊറിയയുടെ ആക്റ്റിംഗ് പ്രസിഡണ്ട് ചൂയ് സാങ് മോക്ക് സംഭവം സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ അതിയായ ഖേദം അറിയിക്കുന്നുവെന്ന് ജെജു എയര്‍വൈസിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് കിം ഈബൈ അറിയിച്ചു.