വയനാട്: ചൂരല്‍മലയിലും മുണ്ടെക്കൈയിലും നടന്ന ഉരുള്‍പൊട്ടലിന്‍റെ ആഘാതം വിട്ടുമാറും മുമ്പ് ഭൂകമ്പ ഭീതി വയനാട്ടിനെ അലട്ടുന്നു. ഇന്ന് രാവിലെ വയനാട്ടിലെ പല പ്രദേശങ്ങളിലും പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ ശബ്ദം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം ജില്ലാ അടിയന്തിരകാര്യ നിര്‍വ്വഹണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതായി കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.
വയനാട്ടിലെ അമ്പലവയലില്‍ എടയ്‌ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്‌ക്ക് സമീപത്ത് നിന്നാണ് ശബ്ദത്തിന്‍റെ ഉറവിടമെന്ന് നാട്ടുകാര്‍ വിലയിരുത്തുന്നു. ശബ്ദത്തോടൊപ്പം ചെറിയ രീതിയില്‍ ഭൂമി കുലുക്കവും അനുഭവപ്പെട്ടിട്ടുണ്ട്. അമ്പലവയില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രിത്തിലെ ശാസ്‌ത്രജ്ഞരും സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഭൂചലനം ഭൂകമ്പപാനിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്‌മോളജി സെന്‍റര്‍ അറിയിച്ചിട്ടുണ്ട്. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഡയറക്ടറും അറിയിച്ചു. ദുരന്തനിവാരണ അതോറിറ്റിയും ഭൂചല സാധ്യതകള്‍ നിഷേധിച്ചിട്ടുണ്ട്. പേടിക്കാനില്ലെന്നും അവര്‍ അറിയിച്ചു.
റവന്യൂ ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസര്‍മാരും സംഭവസ്ഥലത്തെത്തി പരിശോധിക്കുന്നുണ്ട്.