കേരള സര്‍ക്കാരിന്‍റെെ പ്രവര്‍ത്തന ഗോഥയില്‍ ഏറ്റവും നിര്‍ണ്ണായകമായ നാളുകളാണ് എണ്ണപ്പെടുന്നത്. ഓരോ പ്രതിസന്ധിയും തരണം ചെയ്യുമ്പോഴും അടുത്ത പ്രശ്‌നത്തിലേക്ക് കാല്‍ വഴുതി വീഴുന്ന അവസ്ഥയാണിപ്പോള്‍. ചുരുക്കിപ്പറഞ്ഞാല്‍ സി. പി. എമ്മിനിത് വിനാശ കാലം. തെരെഞ്ഞെടുപ്പ് ഫലം തന്നെ ഒരു കരണത്തടിയായിരുന്നു. അതിനിടയില്‍ അപ്രതീക്ഷിതമായി വന്ന വടകരയിലെ കാഫിര്‍ പ്രശ്‌നം തന്നിലേക്ക് തന്നെ തിരിഞ്ഞ് കൊത്തുമെന്ന് സി. പി. എം. ചിന്തിച്ചില്ലായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന വിഷയത്തിലെ നാളിതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമായത് വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് തന്നെയാണ്. റെഡ് എന്‍ കൗണ്ടറും പോരാളി ഷാജിയുമൊക്കെ സി പി എമ്മിന്‍റെ അഭിമാനമാണ് തകര്‍ത്തെറിഞ്ഞത്. അതിനിടെ ലതികയുടെ പോസ്റ്റും ഷൈലജ ടീച്ചറുടെ നടപടി സ്വീകരിക്കാനുള്ള പ്രഖ്യാപനവുമൊക്കെ അവരെ നന്നായി തളര്‍ത്തി.
എല്ലാത്തില്‍ നിന്നും കരകയറ്റി മാധ്യമ ശ്രദ്ധ മുഴുവനും തിരിച്ചു വിടാന്‍ അലമാറയില്‍ നിന്ന് പുറത്തെടുത്ത ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് ഫലം കണ്ടു. മാധ്യമങ്ങള്‍ മുഴുവനും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും നടന്മാരുടെ ലീലാവിലാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മത്സരത്തിലും ആയതിനാല്‍ കാഫിര്‍ പ്രയോഗം മെല്ലെ യവനികക്ക് പിന്നില്‍ ഓടി മറിഞ്ഞു. തകര്‍ത്തഭിനയിക്കുന്ന സിനിമാ താരങ്ങളുടെ അണിയറ രഹസ്യങ്ങളും സ്ത്രീ ബഹുമാനവുമൊക്കെ മാധ്യമങ്ങള്‍ വേണ്ടുവോളം റിപ്പോര്‍ട്ട് ചെയ്ത് കൊണ്ടേയിരിക്കുന്നു.
അതിനടിയിലാണ് അപ്രതീക്ഷിതാമായി പി വി അന്‍വര്‍ എം. എല്‍. എയുടെ ഗുരുതരമായ ആരോപണം വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കിയത്. എഡിജിപി അജിത്ത് കുമാറിനെതിരെ കൊലപാതകവും സ്വര്‍ണ്ണക്കടത്തുമടക്കം വലിയ ആരോപണം ഉന്നയിച്ചതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. മുഖ്യമന്ത്രിയുടെ വിശ്വസ്ഥനായ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് നേരെയുള്ള അസ്ത്രവുമാണ് ഇതെന്ന് സംശയിക്കപ്പെടുന്നു. സ്ഥാനമൊഴിയാതെയാണ് നിലവില്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എഡിജിപിക്കെതിരെയുള്ള അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന ഉന്നതതല സംഘത്തെ നയിക്കുന്നത് പോലീസ് മേധാവി ദര്‍വേഷ് സാഹിബാണ്. കുറ്റം തെളിഞ്ഞാല്‍ സ്ഥാനത്ത് നിന്ന് നീക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആ സ്ഥാനമാറ്റവും അന്വേഷണവും തുടര്‍ന്ന പി ശശിയിലേക്ക് നീളും. അതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലാവും. ഇ പി ജയരാജനെ മാറ്റിയതിലുള്ള അമര്‍ഷം ചില വ്യക്തികളിലുണ്ടെങ്കിലും പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാടുമായി മുന്നോട്ട് പോവുകയാണ് പാര്‍ട്ടി ചെയ്യുന്നത്.
അന്‍വറിനെ തെറ്റിക്കാതെ ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് മുഖ്യമന്ത്രിയുടെ ചിന്ത. അതേ സമയം അന്‍വറിന്‍റെ ആരോപണത്തില്‍ മുഖ്യന്ത്രിക്കെതിരെയും പോലീസ് മേധാവിക്കെതിരായും സമരപരിപാടികളുമായി മുന്നോട്ട് പോവാനുള്ള ഒരുക്കത്തിലാണ് പ്രതിപക്ഷം. ചുരുക്കിപ്പറഞ്ഞാല്‍ സി പി എമ്മിനിത് വിനാശ കാലമാണ്.