യു എ ഇ: ഏറെ പ്രതീക്ഷയോടെ പ്രവാസികളില്‍ പലരും കാത്തിരിക്കുന്ന യു. എ. ഇയുടെ പൊതുമാപ്പ് നാളെ മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒന്നുകില്‍ നാടണയാം അല്ലെങ്കില്‍ പുതിയ വിസയെടുക്കാം. അവരുടെ മേല്‍ ചാര്‍ത്തപ്പെട്ട ഫൈനുകള്‍ ബാധകമാവുകയില്ല. നാട്ടില്‍ പോയവര്‍ക്ക് തിരിച്ച് മടങ്ങി വരാനും സാധിക്കും.
അനധികൃത താമസക്കാര്‍ക്ക് ഫൈന്‍ ഉണ്ടാവുകയില്ലെന്നും രാജ്യം വിടാനുള്ള എക്‌സിറ്റ് പാസ്സിനും ഫീസുണ്ടാകില്ലെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ് കഷ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അറിയിച്ചു.
രാജ്യ നിയമങ്ങള്‍ ബഹുമാനിക്കാനും സഹിഷ്ണുതയെയും ദയയേയും സാമൂഹിക ബന്ധത്തെയും വര്‍ദ്ധിപ്പിക്കാനും വേണ്ടിയാണ് പൊതുമാപ്പ് നടത്തുന്നതെന്ന് യു. എ. ഇ. നേതാക്കന്മാര്‍ നേരത്തെ അറിയിച്ചിരുന്നു. ആരെയും പുറത്താക്കാതെ എല്ലാരെയും ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്സും കൂടിയാണ് ഇതിന് പിന്നില്ലെന്നും അവർ അറിയിച്ചു.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
1-അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിസക്കാര്‍ക്കും സന്ദര്‍ശക വിസക്കാര്‍ക്കും.
2- സ്‌പോണ്‍സര്‍മാരുടെ കീഴിലുള്ള ഫാമിലി വിസയില്‍ അനധികൃതമായി താമിസ്‌ക്കുന്നവര്‍ക്ക്
3- സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഓടിപ്പോയവര്‍ക്കും ഒളിഞ്ഞിരിക്കുന്നവര്‍ക്കും.
4- യു. എ. ഇയില്‍ ജനിക്കുകയും നാല് മാസത്തിനുള്ളില്‍ രേഖകള്‍ ഉണ്ടാക്കുകയും ചെയ്യാത്ത വിദേശികളുടെ കുട്ടികള്‍ക്ക്
രാജ്യത്ത് അനധികൃതമായി കുടിയേറി വന്നവര്‍ക്ക് ഈ പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതല്ല. സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസ വിസയില്‍ അതിക്രമം കാട്ടുന്നവര്‍ക്കും ഇത് ബാധകമല്ല. സെപ്റ്റംബര്‍ ഒന്നിന് ശേഷം ലഭിക്കുന്ന അബ്‌സ്‌കോണ്ടിംഗ് കേസുകള്‍ക്കും ഇത് ലഭ്യമല്ല.
എല്ലാ എമിറേറ്റിലും വ്യത്യസ്ഥ സെന്‍ററുകളില്‍ ഇതിന് അപേക്ഷിക്കാം. അംഗീകാരമുള്ള ടൈപ്പിംഗ് സെന്‍ററുകളിലും അപേക്ഷിക്കാവുന്നതാണ്. ദുബൈ എല്ലാ ആമിര്‍ സെന്‍ററുകളിലും അബൂദാബിയില്‍ അല്‍ ദഫ്‌റ, സുവൈഹാന്‍, എല്‍ മഖാ, അല്‍ ശഹാമ ഭാഗങ്ങളിലെ ഐ സി പി സെന്‍ററുകളിലും അപേക്ഷ നല്‍കാം. അപ്ലിക്കേഷന്‍ അയക്കാന്‍ 24 മണിക്കൂറും ആപ്പില്‍ സൗകര്യമുണ്ടാവും. സെര്‍വ്വീസ് സെന്‍ററുകളൊക്കെയും രാത്രി 10 മണിവരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശമുണ്ട്.
ഓരോ എമിറേറ്റുകളിലും ഡോക്യമെന്‍റ്സ് ചെയ്യാനുള്ള സഹായത്തിനായ് പല സംഘടനകളുടെയും ഹെല്‍പ്പ് ഡെസ്‌ക്കുകളും ലഭ്യമായിരിക്കും.