ദുബായ്: സെഞ്ചുറിക്കരികെ കോഹ്ലി വീണെങ്കിലും ടീമിനെ ഏറെക്കുറെ കരക്കെത്തിച്ചായിരുന്നു ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. അവസാനം ഹര്‍ദിക് പാണ്ഡ്യയ്ക്കും രാഹുലിനും അത് പൂര്‍ത്തിയാക്കേണ്ട ആവശ്യമേ വന്നുള്ളു. പലരും അര്‍ദ്ധ സെഞ്ചുറിക്കരികെ പവലിയനിലേക്ക് തിരിച്ചെങ്കിലും ഇന്ത്യക്ക് സന്തോഷ പരിസമാപ്തിയായിരുന്നു. ഓസീസിനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. മാര്‍ച്ച് 9ന് ദുബായില്‍ വെച്ച് നടക്കുന്ന ഫൈനലില്‍ ഇന്ത്യ രണ്ടാം സെമിയിലെ വിജയികളെ നേരിടും. നാളെയാണ് ദക്ഷിണാഫ്രിക്കയും ന്യൂസിലാന്‍ഡും തമ്മിലുള്ള രണ്ടാം സെമി ഫൈനല്‍ മത്സരം.
ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസീസിന് 49.3 ഓവറില്‍ 264 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. 96 പന്തില്‍ 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 56 പന്തില്‍ 60 റണ്‍സെടുത്ത അലക്‌സ് ക്യാരിയായിരുന്നു സ്മിത്തിന് കൂട്ടാളിയായി പിന്നിലുണ്ടായിരുന്നത്. ട്രാവിഡ് ഹെഡ്, മാര്‍നസ് ലബൂഷെയ്ന്‍, ബെന്‍ ഡ്വാര്‍ഷ്യൂസ് എന്നിവരും ഓസീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. ഷമി നയിച്ച ഇന്ത്യന്‍ ബോളിംഗ് നിര ഓസീസിന് വേണ്ട രീതിയില്‍ അടിക്കാനുള്ള ശ്രമം നല്‍കിയില്ല. ഇന്ത്യയ്ക്ക് വേണ്ടി പേസര്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒരിക്കല്‍ കൂടി വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചു. രവീന്ദ്ര ജഡേജയോടൊപ്പം അദ്ദേഹവും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 50 റണ്‍സെടുക്കുന്നതിനിടെ രണ്ട് ബാറ്റ്‌സ്മന്‍മാരെ നഷ്ടപ്പെട്ടു. ഓപ്പണര്‍മാരായ രോഹിത് ഷര്‍മ്മ (29 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിത 28 റണ്‍സ്), ശുഭ്മന്‍ ഗില്‍ (11 പന്തില്‍ ഒരു ഫോര്‍ സഹിതം എട്ട് റണ്‍സ്) എന്നിവരെയാണ് ആദ്യം നഷ്ടപ്പെട്ടത്. തുടര്‍ന്ന വന്ന കോഹ്ലി ശ്രേയസ് അയ്യര്‍ സംഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചത്. 62 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 45 റണ്‍സെടുത്താണ് ശ്രേയസ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ ഇരുവരും 91 റണ്‍സിന്‍റെ കൂട്ടുകെട്ടായിരുന്നു സമ്മാനിച്ചത്.
പിന്നീട് ഗ്രീസിലെത്തിയ രാഹുലും കോഹ്ലിക്ക് മികച്ച് പിന്തുണ നല്‍കി. 95 പന്തില്‍ അഞ്ച് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു കോഹ്ലിയുടെ 84 റണ്‍സിന്‍റെ സമ്പാദ്യം. അനാവശ്യ ഷോട്ടിന് മുതിര്‍ന്നായിരുന്നു അദ്ദേഹത്തിന് സെഞ്ചുറി നഷ്ടമായത്. രാഹുലിന് കൂട്ടായി വന്ന അക്‌സറും ഹര്‍ദിക് പാണ്ഡ്യയും മികച്ച പ്രകടനമായിരുന്നു നടത്തിയത്. 48ാം ഓവറില്‍ ഹര്‍ദിക്ക് തുടര്‍ച്ചയായി അടിച്ച രണ്ട് സിക്‌സറുകളായിരുന്ന കളിയുടെ സമ്മര്‍ദ്ദവും ഗതിയും മാറ്റി മറിച്ചത്. അവസാനം വിജയ റണ്‍ കുറിക്കുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരോവറും അഞ്ച് പന്തുകളും ബാക്കിയുണ്ടായിരുന്നു. ആദം സാംപയും നഥാന്‍ എല്ലിസും ഓസീസിന് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഓസീസിനെതിരെ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറെന്ന റെക്കോര്‍ഡും ഇന്ത്യ സ്വന്തമാക്കി. 2011 ലോകകപ്പില്‍ 261 റണ്‍സ് പിന്തുടര്‍ന്ന ജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. കോഹ്ലിയാണ് കളിയിലെ താരം.