കൊല്‍ക്കത്ത: ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആദ്യ ട്വന്‍റി ക്രിക്കറ്റ് മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഒറ്റയാന്‍ പോരാട്ടത്തിലൂടെ ഇംഗ്ലണ്ട് ടീമിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ച ജോസ് ബട്‌ളറുടെ ബാറ്റിംഗ് നിഷ്പ്രഭമാക്കിയ മറുപടിയായിരുന്നു അഭിഷേകിന്‍റേത്. നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് ഇനിയും രാജ്യത്തിന്‍റെ ജേഴ്‌സിയില്‍ താനുണ്ടാവുമെന്ന് അദ്ദേഹം ബാറ്റ്‌കൊണ്ട് പറഞ്ഞു. നിശ്ചിത 20 ഓവറില്‍ 132 റണ്‍സ് സ്വന്തമാക്കിയ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടുമ്പോള്‍ ഏഴ് വിക്കറ്റും 43 പന്തും ബാക്കിയുണ്ടായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലായി.
ഇംഗ്ലീഷ് ബോളര്‍മാരെ നിര്‍ദാക്ഷിണ്യമായിരുന്നു അഭിഷേക് അടിച്ചു പറത്തിയത്. കേവലം 34 പന്തില്‍ നിന്ന് അഞ്ച് ഫോറും എട്ട് കൂറ്റന്‍ സിക്‌സറുമടക്കം 79 റണ്‍സ് സ്വന്തമാക്കി. അഭിഷേകിന്‍റെ ബാറ്റിംഗോടെ മറ്റു ബാറ്റ്‌സ്മന്മാര്‍ക്ക് ജോലിയുണ്ടായിരുന്നില്ല. 20 പന്തില്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 26 റണ്‍സ് നേടിയ സജ്ഞുവാണ് ആദ്യം പുറത്തായത്. ഇന്ത്യ വിജയം നേടുമ്പോള്‍ തിലക് വര്‍മയും ഹര്‍ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ജോസ് ബട്‌ളറല്ലാതെ രണ്ടക്കം കടന്നത് രണ്ടു പേര്‍ മാത്രമായിരുന്നു. അതിലൊന്ന് ബോളറും കൂടിയാണെന്നത് ഇംഗ്ലണ്ടിന്‍റെ ദയനീയ ബാറ്റിംഗ് വിളിച്ചോതുന്നു. 44 പന്തില്‍ എട്ട് ഫോറും രണ്ടു സിക്‌സും അടക്കം 68 റണ്‍സായിരുന്നു ജോസ് ബട്‌ലര്‍ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്നും അര്‍ഷദീപ് സിങ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.