കയ്‌റോ: പ്രതീക്ഷിയ്ക്കപ്പുറത്ത് അല്‍പ്പം നീണ്ടു പോയെങ്കിലും അവസാനം ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു. ഇനി ഗാസയില്‍ കുഞ്ഞു മക്കളുടെ പുഞ്ചിരി കാണാം, സന്തോഷത്തിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാം, വിശപ്പിന്‍റെ കരച്ചിലുകള്‍ക്ക് അവസാനമായേക്കാം. ഇന്ന് കയ്‌റോയില്‍ നടന്ന സമാധാന ഉച്ചകോടിയിലായിരുന്നു സമാധാന കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചത്.
ഈജിപ്ത പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി തുടങ്ങിയ നേതാക്കളായിരുന്നു കരാറില്‍ ഒപ്പുവെച്ചത്.
ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു സമാധാന ഉച്ചകോടിയില്‍ പങ്കെടുത്തത്. നരേന്ദ്ര മോദി നേരിട്ട് എത്താനാവാത്തത് കൊണ്ട് ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശ കാര്യ സഹമന്ത്രി കീർത്തിവര്‍ദന്‍ സിങാണ് പങ്കെടുത്തത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നില്ല.
വെടിനിര്‍ത്തല്‍ കരാറനുസരിച്ച് ഇരുവശത്തും ബന്ദികളെ മോചിപ്പിക്കല്‍ തുടരുന്നു. ഹമാസിന്‍റെ തടവിലുള്ള മുഴുവന്‍ ജീവിച്ചിരിക്കുന്ന ഇസ്രയേല്‍ പൗരന്മാരെയും ഹമാസ് വിട്ടയച്ചു. ഇസ്രയേലിന്‍റെ തടവറയിലുള്ള 250 ഫലസ്തീനികളെയും മോചിപ്പിച്ചു.