അബൂദാബി: യുഎഇയിലെ മുഴുവന്‍ പള്ളികളിലും നാളെ സ്വലാത്തുല്‍ ഇസ്തിസ്ഖാ (മഴയെ തേടിയുള്ള നിസ്‌കാരം) നടത്തണമെന്ന് യുഎഇ പ്രസിഡണ്ടും അബൂദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിന് 30 മിനുറ്റ് മുമ്പായിരിക്കും ഈ നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക. പൗരന്മാരും അല്ലാത്തവരുമായ മുഴുവന്‍ വിശ്വാസികളും ഇതില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലമായി യുഎഇയില്‍ പ്രതീക്ഷിച്ച മഴ ലഭ്യമായിട്ടില്ല. പ്രത്യേകിച്ച് കാലമാറ്റ സമയത്ത് പ്രതീക്ഷിക്കുന്ന മഴ പോലും പെയ്തിട്ടില്ല. അത് കൊണ്ട് എല്ലാവരും അല്ലാഹുവിനോട് അവന്‍റെ അനുഗ്രഹം ലഭിക്കാനും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്ക് അവന്‍റെ കാരുണ്യമുണ്ടാവാനും വിശ്വാസികളോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ അല്ലാത്ത മുഴുവന്‍ എമിറേറ്റ്‌സുകളിലും നാളെ ഉച്ചയ്ക്ക് 12.45ന് സ്വലാത്തുല്‍ ഇസ്തിസ്ഖാ നടക്കും. പ്രവാചക ചര്യയെ അനുകരിച്ചായിരിക്കും പ്രാര്‍ത്ഥന അരങ്ങേറുക. ഷാര്‍ജയുടെ പ്രാര്‍ത്ഥന സമയത്തില്‍ നേരിയ വ്യത്യാസമുള്ളത് കൊണ്ട് അവിടെയുള്ള സാഹചര്യമനുസരിച്ചായിരിക്കും മഴയെ തേടിയുള്ള നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക.